നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ 73.20 പോളിങ് ശതമാനം. വോട്ടെടുപ്പ് സമയം കഴിഞ്ഞും മിക്ക ബൂത്തുകളിലും വോട്ടർമാരുടെ നിരയാണ് അനുഭവപ്പെട്ടത്.
സമയം അവസാനിച്ചെങ്കിലും ആറുമണിക്ക് ക്യുവിൽ നിൽക്കുന്നവർക്ക് വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുവാദം നൽകിയിരുന്നു. തെരഞ്ഞെടുപ്പ് കമ്മിഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം അഞ്ചു മണിവരെ 70.76 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ 75.23 ശതമാനമായിരുന്നു പോളിങ്.
രാവിലെ ആറ് മണിയോടെ വിവിധ ബൂത്തുകളിൽ മോക്ക് പോൾ നടന്നിരുന്നു.രാവിലെ ഏഴിന് പോളിങ് തുടങ്ങിയതു മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിരയാണ് അനുഭവപ്പെട്ടത്. മണ്ഡലത്തിൽ നേരിയ മഴയുണ്ടെങ്കിലും അതൊന്നും വോട്ടർമാരെ ബാധിച്ചിട്ടില്ല.
അതിനിടെ വഴിക്കടവ് പഞ്ചായത്തിലെ മരുതയിലെ ഇരുപത്തിരണ്ടാം ബൂത്തിൽ വോട്ടിങ് മെഷീൻ തകരാറായി. ഇതുമൂലം ചില വോട്ടർമാർ മടങ്ങിപ്പോയി.
എൽഡിഎഫ് സ്ഥാനാർഥി എം. സ്വരാജ് മാങ്കുത്ത് എൽ പി സ്കൂളിലും യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് വീട്ടിക്കുത്ത് ഗവൺമെന്റ് എൽപി സ്‌കൂളിലും എത്തി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തിയിരുന്നു.
എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ് ചുങ്കത്തറ മാർത്തോമ ഹയർസെക്കൻഡറി സ്കൂളിൽ കുടുംബ സമേതം എത്തി വോട്ട് രേഖപ്പെടുത്തി.
