ബെംഗളൂരു:ഐ.ടി നഗരമായ ബംഗളൂരുവിൽ പൊതുഗതാഗത പരിഷ്‌കരണം ഏറെ അനിവാര്യമായ ഘട്ടത്തിൽ യെല്ലോ ലൈൻ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും ബിസിനസ് ചെയ്യുന്നവർക്കും ഏറെ ആശ്വാസകരമാവാൻ പോവുകയാണ്. രാജ്യത്തെ തന്നെ ആദ്യ ഡ്രൈവറില്ലാ മെട്രോയ്ക്ക് വഴികാട്ടാനൊരുങ്ങുകയാണ് 19 കിലോ മീറ്റർ ദൈർഘ്യമുള്ള യെല്ലോ ലൈൻ പാത. ഡ്രൈവറില്ലാ മെട്രോ ട്രെയിന് അംഗീകാരം കിട്ടിയതോടെ പൊതുഗതാഗതം മെച്ചപ്പെടും.
ബൊമ്മ സാന്ദ്രയ്ക്കും സെൻട്രൽ സിൽക്ക് ബോർഡ് ഏരിയയ്ക്കും ഇടയിലാണ് യെല്ലോ ലൈൻ നിലകൊള്ളുന്നത്. 19 കിലോ മീറ്ററിൽ 16 സ്റ്റേഷനുകളാണുള്ളത്. ആർ.വി റോഡിനും ബൊമ്മ സാന്ദ്രയ്ക്കും ഇടയിൽ സർവീസ് നടത്തേണ്ട യെല്ലോ ലൈനിനായുള്ള ഡ്രൈവറില്ലാ ട്രെയിനിൻ്റെ നിയമപരമായ പരിശോധന മെട്രോ റെയിൽ സുരക്ഷാ കമ്മീഷണർ പൂർത്തിയാക്കിയിരുന്നു. ആറ് കോച്ചുകൾ അടങ്ങുന്ന ആദ്യത്തെ ഡ്രൈവറില്ലാ മെട്രോ ട്രെയിൻ ചൈനയിൽ നിന്ന് കഴിഞ്ഞ വർഷം എത്തിച്ചിട്ടുണ്ട്. റെയിൽവേ മന്ത്രാലയം റോളിംഗ് സ്റ്റോക്കുന്ന സിഗ്‌നൽ പരിശോധനകളും അംഗീകരിച്ചാൽ നമ്മ മെട്രോ ഏപ്രിലിൽ നാല് ട്രെയിനുകൾ ഉൾപ്പെടുന്ന യെല്ലോ ലൈൻ തുറന്നേക്കും.
ഡ്രൈവറില്ലാ പ്രോട്ടോടൈപ്പ് ഉൾപ്പെടെ 216 കോച്ചുകൾ വിതരണം ചെയ്യുന്നതിനുള്ള കരാർ സി.ആർ.ആർ.സി നാൻജിംഗ് പുഷെൻ കമ്പനി ലിമിറ്റഡാണ് നേടിയത്. സർവീസ് തുടങ്ങുന്നതിന് മുമ്പ് 37 വ്യത്യസ്‌ത പരിശോധനകൾ നടത്തും. കോച്ച് അസംബ്ലിക്ക് ശേഷം സ്റ്റാറ്റിക്, ഇലക്ട്രിക്കൽ സർക്യൂട്ട് പരിശോധനകൾ ഉൾപ്പെടെ 37-ഓളം പരിശോധനകൾ പൂർത്തിയാക്കേണ്ടതുണ്ട്. ട്രാക്കുകളിലെ പ്രകടനം ഉറപ്പാക്കുന്നതിനായി മെയിൻലൈൻ പരിശോധനയുണ്ടാകും. സിഗ്‌നലിംഗ്, ടെലികോം, പവർ സപ്ലൈ സിസ്റ്റങ്ങൾ എന്നിവയുടെ തടസ്സമില്ലാത്ത കണക്റ്റിവിറ്റി ഉറപ്പാക്കണം.യാത്രക്കാർ കയറുന്നതിന് മുമ്പ് ട്രെയിനിന്റെ സുരക്ഷയും കാര്യക്ഷമതയും ഉറപ്പാക്കും. പരീക്ഷണ പ്രക്രിയ നാല് മാസം നീണ്ടുനിൽക്കും.
