ഇന്ത്യയിലെ ഗതാഗത മേഖലയിൽ അമ്പരപ്പിക്കുന്ന മാറ്റങ്ങളാണ് ഓരോ ദിവസവും ഉണ്ടാകുന്നത്. അതിവേഗം ബഹുദൂരം യാത്ര ചെയ്യാൻ സാധിക്കുന്ന സംവിധാനങ്ങൾ ഒരുക്കുന്നതിനുള്ള ഗവേഷണങ്ങളാണ് വിവിധ മേഖലയിൽ നടന്നുവരുന്നത്. രാജ്യത്തിന്റെ ഗതാഗത മേഖലയിൽ ഇനിയൊരു വിപ്ലവം സൃഷ്‌ടിക്കാൻ പോകുന്ന സംവിധാനം ഇലക്ട്രിക് സീ ഗ്ലൈഡേഴ്സ് ആയിരിക്കുമെന്നാണ് വിലയിരുത്തൽ. ഏറ്റവും വേഗതയുള്ളതും ചിലവ് കുറഞ്ഞതുമായി സംവിധാനമായിരിക്കും ഇതെന്നാണ് കരുതപ്പെടുന്നത്.
ഐ.ഐ.ടി. മദ്രാസിന്റെ ഇൻക്യുബേഷൻ സെല്ലിന്റെ പിന്തുണയോടെ വാട്ടർഫ്ളെ ടെക്നോളജീസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനി നടപ്പാക്കുന്ന ഈ ഗതാഗത സംവിധാനത്തെ പ്രകീർത്തിച്ച് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനായ ആനന്ദ് മഹീന്ദ്ര രംഗത്തെത്തി. പുരോഗമനപരമായ ആശയങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിൽ ഐ.ഐ.ടി. മദ്രാസും സിലിക്കൺ വാലിയോട് മത്സരിക്കാൻ പ്രാപ്തരാണെന്നാണ് ആനന്ദ് മഹീന്ദ്ര അഭിപ്രായപ്പെടുന്നത്. നിരവധി ആളുകളാണ് അദ്ദേഹത്തിൻ്റെ പ്രസ്‌താവനയെ അനുകൂലിച്ച് സമൂഹിക മാധ്യമങ്ങളിൽ പ്രതികരിച്ചിരിക്കുന്നത്.
ഐ.ഐ.ടി. മദ്രാസിന്റേതായി പുതിയ ടെക് വെൻച്വർ വാർത്തകളാണ് ഓരോ ആഴ്ചയിലും പുറത്തുവരുന്നത്. വിങ് ക്രാഫിനെ കുറിച്ചുള്ള വാർത്തയിൽ നമ്മുടെ വിശാലമായ ജലപാതയെ ഉപയോഗപ്പെടുത്തുന്നതിനെക്കാൾ എന്നെ ആകർഷിച്ചത് ഈ ക്രാഫ്റ്റിന്റെ രൂപകൽപ്പനയാണെന്നാണ് ആനന്ദ് മഹീന്ദ്ര സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചിരിക്കുന്നത്.
ഇലക്ട്രിക് സീ ഗ്ലൈഡർ എന്ന ചിലവ് കുറഞ്ഞതും വേഗതയേറിയതുമായ ജലഗതാഗത സംവിധാനം ഒരുക്കാനുള്ള നീക്കത്തിലാണ് വാട്ടർ ഫ്ളൈ ടെക്നോളജീസ് എന്ന് കമ്പനിയുടെ സഹസ്ഥാപകനായ ഹർഷ് രാജേഷ്, എയറോ ഇന്ത്യ 2025-ൽ അറിയിച്ചിരുന്നു. വിങ് ഇൻ ഗ്രൗണ്ട് ക്രാഫ്റ്റുകൾ ഉപയോഗിച്ചായിരിക്കും ഈ സംവിധാനം ഒരുക്കുകയെന്നും അദ്ദേഹം പറഞ്ഞിരുന്നു. വെള്ളത്തിൽനിന്ന് ടേക്ക് ഓഫ് ചെയ്യുകയും സമുദ്ര നിരപ്പിൽ നിന്ന് നാല് മീറ്റർ വരെ ഉയരത്തിൽ ഗ്ലൈഡർ. പറക്കുകയും ചെയ്യുന്നതാണ് സീ ഗ്ലൈഡർ.
കൊൽക്കത്തയിൽ നിന്ന് ചെന്നൈ വരെയുള്ള 1600 കിലോമീറ്റർ ദൂരം വെറും മൂന്ന് മണിക്കൂർ കൊണ്ട് സഞ്ചരിക്കാൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിൻ്റെ സവിശേഷത. ഇതിന് ചിലവ് വരുന്നതാകട്ടെ വെറും 600 രൂപയാണെന്നും നിർമാതാക്കൾ അവകാശപ്പെടുന്നു. സീ ഗ്ലൈഡറുകൾ ഇലക്ട്രിക് കരുത്തിൽ പ്രവർത്തിക്കുന്നതിനാൽ തന്നെ പ്രകൃതി സൗഹാർദമാണെന്നതും ഈ സംവിധാനത്തിന്റെ മേന്മയായാണ് വിശേഷിപ്പിക്കുന്നത്. വിമാനത്തിനേക്കാൾ കുറഞ്ഞ ചിലവിൽ ഇത് നിർമിക്കാനും സാധിക്കും.
നിലവിൽ ഈ പദ്ധതി പ്രാരംഭഘട്ടത്തിലാണ്. ഡിസൈൻ മാത്രമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. 2025 അവസാനത്തോടെ പറക്കാൻ സാധിക്കുന്ന പ്രോട്ടോടൈപ്പ് പുറത്തിറക്കാൻ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2026-ൽ 20 പേർക്ക് യാത്ര ചെയ്യാൻ സാധിക്കുന്ന മോഡൽ പുറത്തിറക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഐ.ഐ.ടി. മദ്രാസ് ഈ പദ്ധതിക്ക് നൽകുന്ന സാമ്പത്തിക പിന്തുണയ്ക്ക് പുറമേ, പ്രതിരോധ മേഖലയുടെ നിക്ഷേപവും കമ്പനി ലക്ഷ്യമിടുന്നുണ്ട്.
