മൂന്നാർ: വാഹനപരിശോധന നടത്തിയ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർക്കെതിരേ മൂന്നാറിൽ ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിഷേധം. ഒരുവിഭാഗം ഡ്രൈവർമാർ മോട്ടോർ വാഹനവകുപ്പിൻ്റെ കാർ റോഡിൽ തടഞ്ഞു. ബുധനാഴ്‌ച രാവിലെ 10-ന് ആണ് സംഭവം. ഡ്രൈവർമാരെ ദുരിതത്തിലാക്കുന്ന അനാവശ്യപരിശോധനയാണ് നടത്തുന്നത് എന്നാരോപിച്ചാണ് വാഹനംതടഞ്ഞത്.
ഒരു വാഹനം തന്നെ പലതവണ പരിശോധിച്ച് പിഴ ചുമത്തിയതായും ആരോപണമുണ്ട്. എന്നാൽ നിയമപ്രകാരമാണ് പരിശോധന നടത്തിയതെന്നും ഇൻഷുറൻസ്, ലൈസൻസ്, ഫിറ്റ്നസ്, പെർമിറ്റ് തുടങ്ങിയ രേഖകളില്ലാത്ത വാഹനങ്ങൾക്കാണ് പിഴ ചുമത്തിയതെന്നും മോട്ടോർ വാഹന വകുപ്പ് അധികൃതർ പറഞ്ഞു. വരും ദിവസങ്ങളിലും പരിശോധന തുടരും. ഗതാഗതമന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിർദേശത്തെ തുടർന്നാണ് മൂന്നാറിൽ വാഹനപരിശോധന ശക്തമാക്കിയത്.
കെ.എസ്.ആർ.ടി.സി.യുടെ ഡബിൾഡെക്കർ,ഉല്ലാസയാത്ര സർവീസുകൾക്കെതിരേ പ്രതിഷേധവുമായി നേരത്തേ ഡ്രൈവർമാർ രംഗത്തെത്തിയിരുന്നു.
ഇതിന്റെ ഭാഗമായി ഡബിൾഡെക്കർ ബസ് സർവീസ് ഉദ്ഘാടനം ചെയ്യാനെത്തിയ മന്ത്രിക്ക് നേരേ ഒരു വിഭാഗം ഡ്രൈവർമാർ കരിങ്കൊടി വീശിയിരുന്നു. ഇതേത്തുടർന്നാണ് മന്ത്രി കർശന പരിശോധനയ്ക്ക് നിർദേശം നൽകിയത്. വിവിധ യൂണിയനുകൾ ഡ്രൈവർമാരുടെ സമരത്തെ തള്ളിയിരുന്നു.
