ന്യൂഡൽഹി: സംഘർഷം രൂക്ഷമായി തുടരുന്ന മണിപ്പൂരിലേക്ക് 5000ത്തിലധികം അംഗങ്ങളുളള 50 കമ്പനി കേന്ദ്രസേനയെ കൂടി അയക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. ജിരിബാം ജില്ലയിൽ അക്രമം പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ സംഘർഷം രൂക്ഷമായതിനെ തുടർന്ന് 20 കമ്പനി കേന്ദ്രസേനയെ നവംബർ 12ന് കേന്ദ്രം അയച്ചിരുന്നു.
അതിന് പുറമെയാണ് 50 കമ്പനി കേന്ദ്രസേനയെ കൂടി അയക്കാനുള്ള തീരുമാനം. 50 കമ്പനി കേന്ദ്ര സേന ഈയാഴ്ചയോടെ മണിപ്പൂരിലെത്തും. സി.ആർ.പി.എഫിൽ നിന്ന് 35 ഉം ബി.എസ്.എഫിൽ നിന്നും 15ഉം കമ്പനി കേന്ദ്രസേനയാണ് അധിക സുരക്ഷയൊരുക്കുക.
സി.ആർ.പി.എഫ് ഡയറക്‌ടർ ജനറൽ ഉൾപ്പെടെ മുതിർന്ന ഉദ്യോഗസ്ഥർ സംസ്ഥാനത്ത് ക്യാംപ് ചെയ്യുന്നുണ്ട്. കഴിഞ്ഞവർഷം മേയ് മുതൽ സംഘർഷം തുടങ്ങിയ മണിപ്പൂരിൽ നിലവിലുള്ളത് 218 കമ്പനി കേന്ദ്രസേനയാണ്. സംസ്ഥാന സർക്കാരുമായി കൂടിയാലോചിച്ച ശേഷമായിരിക്കും കേന്ദ്രസേനയെ വിനിയോഗിക്കുകയെന്ന് അധികൃതർ അറിയിച്ചു.
അതേസമയം, ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്ന് ഉന്നതല യോഗം വിളിച്ചിട്ടുണ്ട്. പ്രതിരോധ ആഭ്യന്തരമന്ത്രാലയത്തിലെ ഉന്നതർ പങ്കെടുക്കുന്ന യോഗത്തിൽ, സമാധാനം പുനഃസ്ഥാപിക്കാനുള്ള സുപ്രധാന തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് കണക്കുകൂട്ടുന്നത്.ഇതിന് പിന്നാലെയാണ് സാഹചര്യം വിലയിരുത്താൻ ഇന്നും യോഗം വിളിച്ചിരിക്കുന്നത്.
മുഖ്യമന്ത്രിയുടെ വസതിയിലേക്കടക്കം അക്രമം വ്യാപിച്ചതോടെ മണിപ്പൂർ കലാപത്തിൽ ശക്തമായി ഇടപെടാനുള്ള നീക്കത്തിലാണ് കേന്ദ്ര സർക്കാർ. അതിൻ്റെ ഭാഗമായാണ് കൂടുതൽ സുരക്ഷ സേനയെ സംസ്ഥാനത്തേക്ക് അയക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം.
