തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിലെ ഒന്നാം പാദവാർഷിക പരീക്ഷകൾ (ഓണപ്പരീക്ഷ) ചൊവ്വാഴ്ച ആരംഭിക്കും. ഹൈസ്‌കൂള്‍ വിഭാഗത്തിലെ പരീക്ഷകൾ ഈ ദിവസം തന്നെ നടത്തും. യുപി പരീക്ഷകള്‍ ബുധനാഴ്ച ആരംഭിക്കും, അതേസമയം, പ്ലസ്‌ടു പരീക്ഷകളും ഒരേസമയം ആരംഭിക്കും. എല്‍പി വിഭാഗത്തിന്റെ പരീക്ഷ വെള്ളിയാഴ്ച തുടങ്ങും.
ഹയർ സെക്കൻഡറി ഒന്നാം വർഷ വിദ്യാർഥികള്‍ക്ക് ഈ സമയത്ത് ഓണപ്പരീക്ഷകളില്ല. പരീക്ഷാ ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ 10.15 വരെയും, ഉച്ചക്ക് 1.30 മുതല്‍ 1.45 വരെയും കൂള്‍ ഓഫ് ടൈം അനുവദിക്കും. വെള്ളിയാഴ്ച ഉച്ചയ്ക്ക് നടക്കുന്ന പരീക്ഷയുടെ സമയം 2 മുതൽ 4.15 വരെയായിരിക്കും. ഒന്നും രണ്ടും ക്ലാസുകളിലെ പരീക്ഷകൾക്ക് സമയദൈർഘ്യം നിശ്ചയിച്ചിട്ടില്ല, പ്രവർത്തനങ്ങള്‍ പൂർത്തിയാകുന്ന മുറയ്ക്ക് പരീക്ഷ അവസാനിപ്പിക്കാവുന്നതാണ്. പരീക്ഷകള്‍ സെപ്റ്റംബർ 12ന് അവസാനിക്കും, 13ന് ഓണാവധിക്കായി സ്‌കൂളുകള്‍ അടയ്ക്കും.
