മരണമില്ലാത്ത മാലാഖയായി കുഞ്ഞു ആലിൻ.

കേരളത്തിന്റെ മുഴുവൻ കണ്ണീരായി മാറുകയാണ് പത്തനംതിട്ട മല്ലപ്പള്ളിയിലെ അരുൺ – ഷെറിൻ ദമ്പതികളുടെ പൊന്നോമന, 10 മാസം മാത്രം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം.

കഴിഞ്ഞ ദിവസം എം സി റോഡിലുണ്ടായ ആ വാഹനാപകടം ആ കുരുന്നിന്റെ ചിരി മായ്ച്ചപ്പോൾ വിങ്ങിപ്പൊട്ടിയത് ഒരു നാട് മുഴുവനാണ്. എന്നാൽ, വിധിയുടെ ക്രൂരതയ്ക്ക് മുന്നിൽ തോൽക്കാൻ ആലിന്റെ മാതാപിതാക്കൾ തയ്യാറായില്ല. സ്വന്തം ചോരയിൽ പിറന്ന കുഞ്ഞ് നഷ്ടപ്പെട്ട ആ വലിയ വേദനയിലും, അവർ എടുത്ത തീരുമാനം മനുഷ്യ സ്നേഹത്തിന്റെ ഉദാത്ത മാതൃകയാവുകയാണ്. തങ്ങളുടെ കുഞ്ഞ് മണ്ണോട് ചേരുകയല്ല, മറിച്ച് മറ്റ് അഞ്ച്പേരിലൂടെ ഈ ഭൂമിയിൽ തുടർന്നും ജീവിക്കണമെന്ന് അവർ ആഗ്രഹിച്ചു.

കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവായി ആലിൻ മാറുമ്പോൾ, ആ മാതാപിതാക്കളുടെ മനക്കരുത്തിന് മുന്നിൽ കേരളം കൈകൂപ്പുന്നു.

അവളുടെ ഹൃദയ വാൽവ്, കരൾ, വൃക്ക, കണ്ണുകൾ എന്നിവ ഇനി 5പേർക്ക് പുതുജീവൻ നൽകും.  തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ശ്രീചിത്രയിലും, കിംസിലുമൊക്കെയായി, അവൾ പകർന്നു നൽകിയ ജീവശ്വാസത്തിലൂടെ അവൾ നമ്മോടൊപ്പം തന്നെയുണ്ടാകും.

പ്രിയപ്പെട്ട ആലിൻ, നീ ഒരു നൊമ്പരമാണ് അതിലേറെ വലിയൊരു അഭിമാനമാണ്. നിന്റെ മാതാപിതാക്കൾ ലോകത്തിന് നൽകിയ ഈ സന്ദേശം ഒരിക്കലും വിസ്മരിക്കപ്പെടില്ല.

കുഞ്ഞുമാലാഖയ്ക്ക് വേൾഡ്നെറ്റ് ന്യൂസിൻ്റെ കണ്ണീരിൽ കുതിർന്ന പ്രണാമം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!