ഇപുണ്യപുരാതനമായ ഇട്ടകവേലി ശ്രീ നീലകേശി അമ്മ മുടിപ്പുര ദേവീ ക്ഷേത്രം കന്യാകുമാരി ജില്ലയിലെ കുലശേഖരത്തിനു സമീപം ഇട്ടകവേലി എന്ന പുണ്യ സ്ഥലത്താണ് സ്ഥിതിചെയ്യുന്നത്. പാറശാലയിൽ നിന്നും 18 കിലോമീറ്റർ അകലെയാണ് ക്ഷേത്രം.

വിശ്വാസവും, ഇതിഹാസവും, കഥകളും ഒരുപോലെ ചേര്‍ന്നു കിടക്കുന്ന ക്ഷേത്രമാണ് ഇട്ടകവേലി മുടിപ്പുര ശ്രീ നീലകേശിഅമ്മ ക്ഷേത്രം. പണ്ട് ഈ ക്ഷേത്രം തിരുവിതാംകൂറിലായിരുന്നു. കേരള സംസ്ഥാന രൂപീകരണം നടന്നപ്പോൾ തിരുവിതാംകൂറിലെ തോവാളം, അഗസ്‌തീശ്വരം, കൽക്കുളം, വിളവങ്കോട് എന്നീ നാലു താലൂക്കുകളും ചെങ്കോട്ടത്താലൂക്കിൻറെ ഒരു ഭാഗവും വേർപെടുത്തി മദിരാശി സംസ്ഥാനത്തോടു ചേർത്തു. ശേഷിച്ച തിരുവിതാംകൂർ – കൊച്ചി സംസ്ഥാനത്തോടു മലബാർ ജില്ലയും തെക്കൻ കർണാടകത്തിലെ കാസർകോടു താലൂക്കും ചേർക്കപ്പെട്ടു. ഫലത്തിൽ കന്യാകുമാരി ജില്ല കേരളത്തിനു നഷ്‌ടപ്പെടുകയും ഗൂഡല്ലൂർ ഒഴികെയുള്ള മലബാർ പ്രദേശം കേരളത്തോടു ചേർക്കപ്പെടുകയും ചെയ്‌തു. അങ്ങിനെ നൂറ്റാണ്ടുകൾ പഴക്കമുള്ള ഇട്ടകവേലി മുടിപ്പുര ശ്രീ നീലകേശിഅമ്മ ക്ഷേത്രം ഇപ്പോൾ കന്യാകുമാരി ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്.
ഇട്ടകവേലി പനങ്ങോട് കുടുംബവുമായി ബന്ധപ്പെട്ടാണ് ഈ ക്ഷേത്രം. തമിഴ്‌നാട്ടിലെ ഈ ക്ഷേത്രത്തിനു വെങ്ങാനൂരമ്മയായും ബന്ധമുണ്ട്. അവിടത്തെപോലെ പനങ്ങോടും മുട്ടക്കാടും നീലകേശിമുടിപ്പുരയും ഇവിടെയുമുണ്ട്.
ഏകദേശം 700-ൽ പരം വർഷത്തെ പഴക്കം കണക്കാക്കപ്പെടുന്ന ഈ ക്ഷേത്രത്തിൽ അന്നു മുതൽക്കേ പിന്നോക്ക സമുദായത്തിൽ പ്പെട്ടവരാണ് പൂജ ചെയ്‌തു വരുന്നത്. ഇത് ഒരു പക്ഷേ മറ്റൊരു സ്ഥലങ്ങളിൽ കാണാൻ കഴിയാത്ത ഒരു സവിശേഷതയാണ്. കുടാതെ ഉത്സവ ചടങ്ങുകൾക്കായി 9 ജാതിയിൽപെടുന്ന ആളുകൾ സമത്വ സാഹോദര്യത്തോടെ പങ്കെടുക്കുന്നതും ഒരു അപൂർവ്വ കാഴ്ചയാണ്. ശ്രീ നീലകേശിയമ്മ സേവാ ട്രസ്റ്റാണ് ഭരണകാര്യങ്ങൾ നോക്കുന്നത്.
ക്ഷേത്ര ഐതിഹ്യം :- പണ്ട് ഇടകവേലിയിലുള്ള ഒരു നായർ തറവാട്ടിലെ പെൺകുട്ടി പറയ സമുദായത്തിൽപ്പെട്ട ഒരു വീട്ടിൽ തീ വാങ്ങാൻ പോയി. തീ കൊണ്ടുവരുന്നതിനിടയിൽ കുട്ടിയുടെ കൈക്കു പൊള്ളലേറ്റു. ഇതുകണ്ട് പറയ സമുദായക്കാരിയായ കൂട്ടുകാരി ഓടിവരികയും പൊള്ളിയ കൈ വായോടു ചേർത്ത് പിടിച്ചു അവളെ ആശ്വസിപ്പിക്കുകയും ചെയ്തു. ഒടുവിൽ ഭക്ഷണവും നൽകിയാണ് അയൽക്കാരിയായ സ്നേഹിത അവളെ യാത്രയാക്കിയത്. തീയുമായി എത്തിയ നായരുകുട്ടിയെ വീട്ടുകാർ ശകാരിക്കുകയും ആ വീട്ടിൽ നിന്നും ഭക്ഷണം കഴിച്ചതിൽ പ്രതിഷേധിച്ചു മർദിക്കുകയും ചെയ്തു. ക്രൂരമായ മർദ്ദനം സഹിക്കാനാവാതെ കുട്ടി കുളത്തിലേക്ക് എടുത്തുചാടി. അത് കണ്ട് അവളുടെ ജേഷ്ഠത്തികൂടെ ചാടുകയും തൊട്ടുപുറകേ ഇതിനെല്ലാം സാക്ഷിയായ പറയ സമുദായത്തിൽപ്പെട്ട കൂട്ടുകാരിയും കുളത്തിലേക്ക് ചാടുകയായിരുന്നു. ഉടൻ തന്നെ മൂവരും അപ്രത്യക്ഷരാവുകയും അതിനുശേഷം അവിടെനിന്നും കിട്ടിയത് മൂന്നു മുടികളായിരുന്നു. അതിനെ തുടർന്ന് ക്ഷേത്രമുണ്ടാവുകയും ക്ഷേത്രഭരണം നായർ സമുദായങ്ങളും പൂജാദി കർമങ്ങൾ പറയ സമുദായത്തിൽപെട്ടവരും നടത്തിപ്പോരുകയും ചെയ്തു.
ഒമ്പത് ദിവസം നീണ്ടുനിൽക്കുന്ന വാർഷിക ഉത്സവമായ അമ്മയിറക്ക മഹോത്സവം മീനമാസത്തിൽ വിവിധ കലാപരിപാടികളോടുകൂടി ആഘോഷപൂർവ്വം കൊണ്ടാടുന്നു.
അമ്മയിറക്ക മഹോത്സവത്തോടനുബന്ധിച്ചുള്ള തൂക്കവും പ്രസിദ്ധമാണ്. തൂക്കം വഴിപാടിനായി ആയിരക്കണക്കിന് ഭക്തരാണ് ക്ഷേത്രത്തിൽ എത്തിച്ചേരുന്നത്.
