കൊച്ചി: ഹേമ കമ്മിറ്റിയുടെ റിപ്പോർട്ട് പുറത്തുവന്നതോടെ സിനിമ മേഖലയിൽ നിന്നുള്ള പ്രമുഖരുടെ മേൽ ആരോപണങ്ങൾ ശക്തമാകുന്നു. നടിയുടെ ലൈംഗിക പീഡന പരാതിയിൽ മുകേഷ് എംഎൽഎക്കും ജയസൂര്യയ്ക്കും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസുകൾ രജിസ്റ്റർ ചെയ്തിരിക്കുകയാണ്.
കൊച്ചി മരട് പൊലീസാണ് മുകേഷിനെതിരെ കേസ് എടുത്തത്. ഇനിയും നടിയുടെ പീഡന പരാതിയിൽ മുകേഷ് എംഎൽഎ സ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് കേസെടുത്തതെന്നത് ശ്രദ്ധേയമാണ്. മുകേഷിനെതിരെ ബലാത്സംഗം (IPC 376(1)), സ്ത്രീത്വത്തെ അപമാനിക്കൽ (IPC 354), അതിക്രമിച്ച് കടക്കൽ (IPC 452), വനിതയെ അപമാനിക്കുന്ന പ്രയോഗങ്ങൾ (IPC 509) എന്നീ വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
അതേസമയം, തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്, നടന്‍ ജയസൂര്യയ്ക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. സെക്രേടേറിയറ്റിൽ സിനിമ ചിത്രീകരണത്തിനിടെ ശുചിമുറിയ്ക്ക് സമീപം നടിയോട് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. ഇതിന് IPC 354, 354A, 509 എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
മുകേഷ്, ജയസൂര്യ എന്നിവരെ കൂടാതെ, മണിയന്‍പിള്ള രാജു, ഇടവേള ബാബു, കോണ്‍ഗ്രസ് നേതാവ് അഡ്വ. വി. എസ്. ചന്ദ്രശേഖരന്‍, കാസ്റ്റിംഗ് ഡയറക്ടര്‍ വിച്ചു, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ നോബിള്‍ എന്നിവർക്കെതിരെയും കേസുകൾ എടുത്തിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ജയസൂര്യയെ ഒഴിവാക്കിയുള്ള മറ്റ് പ്രതികൾക്കെതിരെയുള്ള കേസുകൾ കൊച്ചിയിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തതായാണ് വിവരം.
