വയനാടിനെ ചേര്‍ത്ത് പിടിച്ച്‌ താരങ്ങള്‍; സൂര്യയും കാര്‍ത്തിയും ജ്യോതികയും ചേര്‍ന്ന് 50 ലക്ഷം,10 ലക്ഷം നല്‍കി രശ്മിക

വയനാട്: വയനാട് ഉരുള്‍പൊട്ടലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ധനസഹായം നല്‍കി തെന്നിന്ത്യൻ താരങ്ങള്‍.

സൂര്യ, ജ്യോതിക, കാർത്തി എന്നിവർ ചേർന്ന് 50 ലക്ഷം രൂപയും രശ്മിക മന്ദാന 10 ലക്ഷം രൂപയുമാണ് ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയിരിക്കുന്നത്.

കഴിഞ്ഞ ദിവസം വിക്രം 20 ലക്ഷം രൂപ നല്‍കിയിരുന്നു. ഹൃദയം തകർന്നുപോകുന്നു എന്നാണ് സൂര്യ വയനാട്ടിലെ ദുരന്തത്തോട് പ്രതികരിച്ചത്. ഉരുള്‍പൊട്ടലിന്റെ ദുരിതം അനുഭവിക്കുന്നവർക്കായി പ്രാർത്ഥിക്കുന്നു. രക്ഷാപ്രവർത്തകർക്കൊപ്പംചേർന്ന് ദുരിതബാധിതരെ സഹായിക്കുന്ന ജനങ്ങളോടും സർക്കാർ ഏജൻസി അംഗങ്ങളോടും ബഹുമാനംമാത്രം എന്നാണ് സൂര്യ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

വാർത്ത കണ്ടപ്പോള്‍ ഹൃദയം നുറുങ്ങിപ്പോയെന്നാണ് രശ്മിക സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. ദുരിതബാധിതരുടെ കുടുംബങ്ങള്‍ക്കായി പ്രാർത്ഥിക്കുന്നുവെന്നും രശ്മിക എഴുതി. 10 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് താരം സംഭാവന ചെയ്തിട്ടുണ്ടെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു. സൂര്യയും ജ്യോതികയും കാർത്തിയും ചേർന്ന് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു കൈമാറിയെന്ന് ഇവരുടെ മാനേജേഴ്സ് ആണ് സ്ഥിരീകരിച്ചത്.

വയനാട്ടിലെ ദുരിതബാധിതര്‍ക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള സഹായങ്ങള്‍ ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്ന് എത്തുകയാണ്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി, വ്യവസായി രവി പിള്ള, കല്യാണ്‍ ജ്വല്ലേഴ്സ് ഉടമ കല്ല്യാണരാമന്‍ എന്നിവര്‍ അഞ്ച് കോടി രൂപ വീതം ധനസഹായം പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!