ന്യൂഡല്‍ഹി: കനത്തമഴയെ തുടർന്ന് ഡല്‍ഹിയില്‍ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ബുധനാഴ്ച വൈകുന്നേരം മുതലാണ് ഡല്‍ഹി-എൻസിആർ മേഖലയില്‍ മഴ ശക്തമായത്.
റോഡുകള്‍ പുഴ പോലെയായതോടെ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെട്ടത്.
അതിതീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഓഗസ്റ്റ് അഞ്ചുവരെ മഴ തുടരും. തീവ്രമഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ഇന്ന് എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണെന്നു സർക്കാർ വ്യക്തമാക്കി.
വിമാന സർവീസുകളെയും മഴ ബാധിച്ചു. മണിക്കൂറുകള്‍ വൈകിയാണ് സർവീസ് നടത്തുന്നതെന്ന് വിവിധ എയർലൈനുകള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി പത്തു വിമാനങ്ങളാണ് തിരിച്ചുവിട്ടത്. ഉദ്യോഗസ്ഥരോട് ജാഗ്രത പാലിക്കാൻ ഡല്‍ഹി ഗവർണർ വിനയ് സക്സേന നിർദേശം നല്‍കി.
