പ്രകൃതിയുടെ താണ്ഡവത്താൽ ദുരന്തഭൂമിയായി മാറിയ വയനാട്ടിൽ നിന്നും കരുണയുടെ കാവലായി മാറിയ 3 കൊമ്പന്മാരും അവർക്കൊപ്പം ജീവൻ കൊണ്ട് തിരിച്ചുപോയ സുജാതയും ഇപ്പോൾ ശ്രദ്ധ നേടുകയാണ്. കോരിച്ചൊരിയുന്ന മഴയിൽ കൊച്ചുമകളുടെ കയ്യും പിടിച്ച് സുജാത എത്തിച്ചേർന്നത് 3 കൊമ്പന്മാരുടെ മുന്നിലായിരുന്നു.
ഒരു നിമിഷം സ്തംഭിച്ചു പോയ ചൂരൽമല അഞ്ഞിശച്ചിലയിൽ സുജാത സാവധാനം പറഞ്ഞു, “വലിയ ദുരിതത്തിൽനിന്നാണ് ഞങ്ങൾ വരുന്നത്, നിനക്ക് നല്ല മനസ്സുണ്ടെങ്കിൽ എന്നേയും കുട്ടിയേയും ഒന്നും ചെയ്തേക്കല്ലേ. പേടിയാണ്. വെളിച്ചമില്ല. ചുറ്റിലും വെള്ളമാണ്. എങ്ങനെയോ നീന്തിക്കയറിയെത്തിയതാണ്. നീ ഞങ്ങളെ ഒന്നും കാണിക്കല്ലേ…” എന്നു. അതു കേട്ട കൊമ്പന്റെ രണ്ട് കണ്ണുകളും നിറഞ്ഞതോന്നി. കൊമ്പന്റെ കാൽച്ചുവട്ടിൽ താനും കൊച്ചുമകളുമായ മൃദുലയും ഇരുന്നുവെന്നും സുജാത പറയുന്നു. 3 കാട്ടാനകളാണ് ഉണ്ടായിരുന്നത്.
ആ രാത്രിയിൽ ഇതുപോലെ എത്രയോ മനുഷ്യർ ജീവൻ കൊണ്ട് ഓടിയിട്ടുണ്ടാകാം. അതുപോലെ എത്രയോ ജീവജാലങ്ങളും ചത്തു വീണു. എന്നാൽ തന്‍റ മുന്നിൽ അഭയം തേടിയെത്തിയ രണ്ട് ജീവനുകളെ വെളുക്കുവോളം സംരക്ഷിച്ച കാട്ടാനകളെക്കുറിച്ച് പറയുമ്പോൾ ആ സുജാതയ്ക്ക് ഞെട്ടലിനേക്കാളുപരി അവയോട് നന്ദിയുമുണ്ട്.
കാടുപോലെ വെള്ളം നിറഞ്ഞു. മരങ്ങളും മണ്ണുമെല്ലാം ഒഴുകിവരുന്നു. അയൽവാസിയുടെ രണ്ടുനില വീട് മറിഞ്ഞുവീഴുന്നതാണ് പുറത്തേക്കുനോക്കിയപ്പോൾ കാണുന്നത്. അതു വന്നുവീണ് ഞങ്ങളുടെ വീടും തകർന്നു. അടുക്കളയിലെ അടുപ്പിന്റെ സ്ലാബ് വഴി പുറത്തേക്കു കടക്കുന്നതിനിടെയാണ് പേരക്കുട്ടി മൃദുലയുടെ “രക്ഷിക്കണേ” എന്ന നിലവിളി കേട്ടത്. അവളുടെ ചെറുവിരലിൽ പിടികിട്ടി. തുണികൊണ്ട് കൂട്ടിപ്പിടിച്ച് പുറത്തേക്കെടുത്തു. മലവെള്ളത്തിലൂടെ നീന്തിയാണ് രക്ഷപ്പെട്ടതെന്നും സുജാത പറയുന്നു.
അടുത്തുള്ള മറ്റൊരു വീട്ടിലായിരുന്നു മകൻ ഗിഗീഷും ഭാര്യ സുജിതയും മകൻ സൂരജും ഉണ്ടായിരുന്നത്. മകൻ ഓരോരുത്തരേയും വെള്ളത്തിലൂടെ വലിച്ചുകയറ്റി. സുജിതയുടെ നട്ടെല്ലിനും സൂരജിന്റെ നെഞ്ചിനും സാരമായി പരിക്കേറ്റിട്ടുണ്ട്. എല്ലാവരെയും കരയിലെത്തിച്ച് കാപ്പിക്കാടിനു നടുവിലൂടെ പോവുമ്പോഴാണ് കൊമ്പന്മാരുടെ മുന്നിലെത്തിയതെന്ന് സുജാത പറയുന്നു.
