പാലാ: പാമ്ബ് കടിയേറ്റ യുവതിയെ രക്ഷിച്ച് പ്രതിയുമായി പോയ പോലീസുകാർ. യുവതിയുടെ ജീവൻ രക്ഷിച്ച ചങ്ങനാശേരി പോലീസിന്റെ നന്മയ്ക്ക് ബിഗ് സല്യൂട്ട്!
ബുധനാഴ്ച രാത്രി 10.30-ഓടെയാണ് സംഭവം. കാനം കാപ്പുകാട് സ്വദേശി പ്രദീപിന്റെ ഭാര്യ രേഷ്മയെയാണ് (28) വീടിന്റെ മുറ്റത്തുവെച്ച് പാമ്ബ് കടിച്ചത്. പ്രദീപിനൊപ്പം വീട്ടുമുറ്റത്ത് നടക്കുമ്ബോഴാണ് സംഭവം.
ആശുപത്രിയില്‍ എത്തിക്കുന്നതിനായി ആംബുലൻസ് വിളിച്ച ശേഷം പ്രദീപ് രേഷ്മയെ എടുത്ത് റോഡിലേക്ക് ഓടി. ആംബുലൻസിനായി വഴിയില്‍ കാത്ത് നില്‍ക്കുന്നതിനിടെയാണ് പോലീസ് വാഹനം അതുവഴി വന്നത്. വജ്രാഭരണ മോഷണക്കേസിലെ പ്രതിയെ പൊൻകുന്നം സബ് ജയിലില്‍ പ്രവേശിപ്പിക്കുന്നതിനായി പോയ ചങ്ങനാശേരി പോലീസിന്റെ വാഹനമായിരുന്നു ഇത്.
വഴിയിലെ ആള്‍ക്കൂട്ടം കണ്ട് ചങ്ങനാശ്ശേരി എസ്.ഐ. ടി.എം. ഏബ്രഹാമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം വാഹനം നിർത്തി. പാമ്ബ് കടിയേറ്റ വിവരം അറിഞ്ഞ ഉടൻ വിലങ്ങണിഞ്ഞിരുന്ന പ്രതിയെ പിൻസീറ്റിലേക്ക് മാറ്റിയിരുത്തിയ ശേഷം ഇവർ രേഷ്മയെയും പ്രദീപിനെയും പോലീസ് വാഹനത്തില്‍ കയറ്റി ആശുപത്രിയിലേക്ക് കുതിച്ചു. സിവില്‍ പോലീസ് ഓഫീസർമാരായ എം.ഷമീർ, ബി. ബൈജു എന്നിവരും വാഹനത്തിലുണ്ടായിരുന്നു. ഷമീർ ആണ് പോലീസ് വാഹനം ഓടിച്ചിരുന്നത്.
സമീപമുള്ള വാഴൂർ ടിഎംഎം ആശുപത്രിയില്‍ ആദ്യം രേഷ്മയെ എത്തിച്ചു. പ്രഥമ ശുശ്രൂഷ നല്‍കിയ ശേഷം വിദഗ്ധ ചികിത്സ നല്‍കുന്നതിനായി പാലാ മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് ഉടൻ എത്തിക്കാൻ തീരുമാനിച്ചു. ആംബുലൻസെത്താൻ കാത്തുനില്‍ക്കാതെ വീണ്ടും പോലീസ് ഇവരെ വാഹനത്തില്‍ കയറ്റി മാർ സ്ലീവാ മെഡിസിറ്റിയിലേക്ക് കുതിക്കുകയായിരുന്നു.
അത്യാഹിത വിഭാഗത്തില്‍ രേഷ്മയെ എത്തിച്ചശേഷം പ്രതിയുമായി പോലീസ് സംഘം പൊൻകുന്നം സബ് ജയിലേക്ക് തിരിച്ചു. അർധരാത്രി 12 മണിയോടെ പ്രതിയെ ജയിലില്‍ എത്തിച്ചു. വൈകിയ കാരണത്തിന് റിപ്പോർട്ടും പോലീസ് സംഘം ജയില്‍ അധികൃതർക്ക് നല്‍കേണ്ടിവന്നു.
അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച രേഷ്മ സുഖംപ്രാപിച്ചുവരുന്നു. ഇവരുടെ ഫോണ്‍ നമ്ബർ വാങ്ങിയ പോലീസ് സംഘം രാവിലെ വിളിച്ച് വിവരം അന്വേഷിച്ചതിനും രേഷ്മയുടെ കുടുംബാംഗങ്ങള്‍ നന്ദിയറിയിച്ചു.
