തിരുവനന്തപുരം : എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് നിയമിച്ച മുഴുവൻ ബോർഡ്, കോർപ്പറേഷൻ ചെയർമാൻമാരെയും മാറ്റുമെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ പറഞ്ഞു. നിയമസഭയില്‍ സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി വ്യക്താമാക്കുന്ന ധവളപത്രം അവതരിപ്പിച്ചതിന് ശേഷമുള്ള വാർത്താ സമ്മേളനത്തിലാണ് യു ഡി എഫ് സർക്കാരിന്റെ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചത്. എഡിഎം നവീൻ ബാബുവിന്റെ മരണം അന്വേഷിക്കാൻ സിബിഐയെ ചുമതലപ്പെടുത്താനും, മകള്‍ നിരഞ്ജനയ്ക്ക് ജോലി നല്‍കാൻ റവന്യൂ വകുപ്പിനോട് ശുപാർശ ചെയ്യാനും സർക്കാർ തീരുമാനിച്ചു മുഖ്യമന്ത്രി അറിയിച്ചു.

കൂടാതെ സംസ്ഥാനം മുൻപൊരിക്കലും അഭിമുഖീകരിക്കാത്ത കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിലവില്‍ 35,000 കോടി രൂപയുടെ പദ്ധതിയുള്ളതില്‍ 15,000 കോടി രൂപ മാത്രമേ ബാക്കിയുള്ളൂ. പ്ലാനിലുണ്ടായിരുന്ന തുകയില്‍ 20,500 കോടി രൂപയുടെ കുറവാണുള്ളത്. പണം ലഭിച്ചേക്കാമെന്ന കണക്കുകൂട്ടലില്‍ മുൻ സർക്കാർ തെറ്റായ പദ്ധതികള്‍ തയ്യാറാക്കിയതാണ് ഈ വലിയ പ്രതിസന്ധിക്ക് കാരണം. ഇത് നിലവിലെ സർക്കാരിന് മേല്‍ വലിയ അധിക ബാധ്യതയാണ് അടിച്ചേല്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപെടുത്തി.

ബാധ്യതകള്‍ തീർക്കാതെ ജനങ്ങളെ കബളിപ്പിക്കാനാണ് മുൻ സർക്കാർ ട്രഷറി ബാലൻസ് കണക്കുകള്‍ കാണിച്ച് ഫണ്ട് ബാക്കിവെച്ചുവെന്ന് അവകാശപ്പെട്ടത്. ലഭിക്കേണ്ട തനത് വരുമാനവും യഥാർഥത്തില്‍ ലഭിച്ചതും തമ്മില്‍ വലിയ അന്തരമുണ്ട്. നിലവില്‍ സംസ്ഥാനത്തിന്റെ കടം ജിഎസ്ഡിപിയുടെ 35 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാളും മറ്റു സംസ്ഥാനങ്ങളേക്കാളും മുകളിലാണ്. എന്നാല്‍, വികസന ചെലവ് ആകെ ചെലവിന്റെ 39.9 ശതമാനം മാത്രമാണ്. ഇത് ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

