ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗണ്‍സില്‍ സ്ഥാപക ചെയർമാനുമായ കെ എൻ പണിക്കർ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത ചരിത്രകാരനും കേരള ചരിത്രഗവേഷണ കൗണ്‍സില്‍ സ്ഥാപകചെയർമാനുമായ കെ എൻ പണിക്കർ അന്തരിച്ചു.89 വയസായിരുന്നു.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ചരിത്ര രചനയില്‍ മാർക്സിസ്റ്റ് രചനാരീതി സ്വീകരിച്ചിട്ടുള്ള പണിക്കർ ഇന്ത്യയിലെ പ്രമുഖ ചരിത്രകാരൻമാരില്‍ ഒരാളായിരുന്നു.

ഗുരുവായൂർ തൈക്കാട്ട് കണ്ടിയൂർ വീട്ടില്‍ കൃഷ്ണൻ നായരുടെയും ഇച്ചുക്കുട്ടി അമ്മയുടേയും മകനായി 1936-ല്‍ ജനിച്ചു. ചാവക്കാട് ബോഡ് ഹൈസ്കൂള്‍, പാലക്കാട് ഗവ. വിക്ടോറിയകോളേജ്, രാജസ്ഥാൻ സർവകലാശാല എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. ഡല്‍ഹി ജാവഹർലാല്‍ നെഹ്‌റു സർവകലാശാലയില്‍ ചരിത്ര വിഭാഗം അധ്യാപകനായി. വകുപ്പുമേധാവിയായും സ്കൂള്‍ ഓഫ് സോഷ്യല്‍ സയൻസിന്റെ ഡീനായും ആർക്കൈവ്സ് ഓഫ് കണ്ടെമ്പററി ഹിസ്റ്ററിയുടെ ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്.

.കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർ‌വകലാശാല വൈസ് ചാൻസലറായിരുന്നു. നിലവില്‍ കേരള ഹയർ എജ്യുക്കേഷൻ കൗണ്‍സിലിന്റെ ചെയർമാനായി പ്രവർത്തിച്ചു വരികയായിരുന്നു.

ചരിത്രത്തെ മാർക്സിസ്റ്റ് കാഴ്ചപ്പാടില്‍ സമീപിച്ച കെ.എൻ. പണിക്കർ, മതേതരത്വത്തിനുവേണ്ടി നിലകൊള്ളുകയും ഇന്ത്യൻ ചരിത്രരചനയില്‍ ശാസ്ത്രീയവും പുരോഗമനപരവുമായ കാഴ്ചപ്പാടുകള്‍ ഉറപ്പിച്ചുനിർത്തുന്നതില്‍ നിർണായക പങ്കുവഹിക്കുകയും ചെയ്തു. അധിനിവേശ കാലഘട്ടത്തിലെ സാംസ്കാരിക ഭൗതികചരിത്രമായിരുന്നു പ്രധാനമായും അദ്ദേഹത്തിന്‍റെ ഗവേഷണമേഖല. ഇന്ത്യൻ കൊളോണിയലിസത്തിന്‍റെയും ആധുനികതയുടെയും ചരിത്രത്തെ ആഴത്തില്‍ വിശകലനം ചെയ്യുന്നതായിരുന്നു അദ്ദേഹത്തിന്‍റെ ഗവേഷണപഠനങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!