സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യം : എഴുത്തുകാരി സാറാ ജോസഫ്

തൃശൂര്‍ :  സംസ്ഥാനത്ത് ഭരണമാറ്റം അനിവാര്യമെന്ന് എഴുത്തുകാരി സാറാ ജോസഫ് അഭിപ്രായപ്പെട്ടു. ഇടതുപക്ഷത്തിന് അധികാരമാണ് മുഖ്യം ജനാധിപത്യം അല്ല. പ്രതിപക്ഷത്ത് ഇരിക്കുന്നത് ഭരണപക്ഷത്തിന് നല്ലതാണെന്നും ജനങ്ങളുടെ നാവായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങളുടെ വായ് അടപ്പിക്കുന്ന സമീപനമാണ് നിലവില്‍ ഭരണവര്‍ഗം ചെയ്യുന്നതെന്നും സാറാ ജോസഫ് പറഞ്ഞു. ഈ കാര്യം കവി സച്ചിദാനന്ദനും നേരത്തെ സൂചിപ്പിച്ചിരുന്നു.

അതിനു പിന്നാലെയാണ് സാറാ ജോസഫ് അവരുടെ അഭിപ്രായം വ്യക്തമാക്കിയത്.
തുടര്‍ഭരണം കിട്ടിയപ്പോള്‍ ജനാധിപത്യത്തിന്റെ സംരക്ഷകരാകും ഇടതുപക്ഷമെന്നാണ് എല്ലാവരും വിചാരിച്ചത്. എന്നാല്‍ അങ്ങനെ ഉണ്ടായില്ല. എല്ലാ ഭരണവര്‍ഗങ്ങള്‍ക്കും ആവശ്യം വര്‍ഗീയ ശക്തികളെയാണ്. മത ശക്തികളെയാണ്. അവരെ കൂട്ടുപിടിച്ചാണ് ജനാധിപത്യ, മതേതര ഇന്ത്യ എന്ന സങ്കല്‍പ്പത്തെ ഈ ഭരണവര്‍ഗങ്ങള്‍ തകര്‍ത്തുകൊണ്ടിരിക്കുന്നതെന്ന് സാറാ ജോസഫ് പറഞ്ഞു. അധികാരം നിലനിര്‍ത്താന്‍ ഏത് പിശാചുമായും കൂട്ടുകൂടുമെന്ന് പറഞ്ഞ ഒരു പാരമ്പര്യം ഇടതുപക്ഷത്തിന് ഉണ്ടെന്നും അങ്ങനെയാണ് ലീഗിനെ ഒപ്പം കൂട്ടാന്‍ തീരുമാനിച്ചിരുന്നതെന്നും സാറാ ജോസഫ് വിമർശിച്ചു.

ഭരണം നിലനിര്‍ത്താന്‍ മതങ്ങളെയും വര്‍ഗീയ ശക്തികളെയും കൂട്ടുപിടിക്കുകയെന്നുള്ളതാണ് സിപിഎം ലക്ഷ്യം. അധികാരമാണ് അവര്‍ക്ക് മുഖ്യം. അല്ലാതെ ജനാധിപത്യമല്ലെന്നും അവർ കുറ്റപ്പെടുത്തി. ഒന്നുമാറി നിന്ന് പ്രതിപക്ഷത്തിരിക്കുന്നത് ഭരണവര്‍ഗത്തിന് നല്ലതാണ്. പിണറായി വിജയന്‍ എന്ത് സംഭാവന ചെയ്തുവെന്ന് അവര്‍ വിലയിരത്തട്ടെ.

ഭരണാധികാരത്തിലേക്ക് വന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടിയാണ്. മറിച്ച് പിണറായി വിജയനല്ല.

എല്ലാ കമ്യൂണിസ്റ്റ് പാര്‍ട്ടികളും നശിക്കുന്നത് അതിന്റെ ഏകാധിപത്യ സ്വഭാവത്തിലേക്ക് സഞ്ചരിക്കുമ്പോഴാണ്. പാര്‍ട്ടിയില്‍ നിന്ന് വിട്ട് ഒറ്റ വ്യക്തി ഏകാധിപത്യത്തിലേക്ക് പോകുന്നു. പാര്‍ട്ടിയുടെ നാശമാണ് ഇതോടെ സംഭവിക്കുക. എല്‍ഡിഎഫ് ഇല്ലാതായി ആ സ്ഥാനത്ത് ബിജെപിയാകും വരിക. പിണറായി എന്ന ബ്രാന്‍ഡിങ് പാർട്ടിക്ക് ദോഷം ചെയ്യുമെന്നും സാറാ ജോസഫ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!