കൊൽക്കത്ത: ഈഡൻ ഗാർഡൻസിൽ നിറഞ്ഞാടി സഞ്ജു സാംസൺ. സ്വന്തം തോൾക്കരുത്തിൽ ഇന്ത്യയെ സെമി ഫൈനലിൽ എത്തിച്ചു. ഇന്ത്യക്ക് അത്രമേൽ നിർണായകമായ മത്സരത്തിൽ കരിയർ ബെസ്റ്റ് ഇന്നിങ്സാണ് സഞ്ജു പുറത്തെടുത്തത്. 196 റൺസായിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു (50 പന്തിൽ 97 റൺസ്)ഒരറ്റത്ത് ഉറച്ചുനിന്ന് കരുതലോടെ പോരാടുകയായിരുന്നു.
ടോസ് നേടിയ ഇന്ത്യ, വെസ്റ്റ് ഇൻഡീസിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. വിൻഡീസിനെതിരേ സഞ്ജു കൊടുങ്കാറ്റായി മാറിയപ്പോൾ ടി 20 ലോകകപ്പ് സൂപ്പർ എട്ട് ഗ്രൂപ്പ് ഒന്നിലെ നിർണായക മത്സരത്തിൽ ഇന്ത്യയ്ക്ക് ജയം.
10 റൺസ് വീതമെടുത്ത അഭിഷേക് ശർമയുടേയും ഇഷാൻ കിഷന്റേയും വിക്കറ്റുകളും സൂര്യകുമാർ യാദവിന്റെ (18 റൺസ്) വിക്കറ്റുമാണ് ഇന്ത്യക്ക് തുടക്കത്തിൽ നഷ്ടമായത്. പിന്നീട് എത്തിയ തിലക് വർമ്മ, ജേസൺ ഹോൾഡറുടെ പന്തിൽ ഹേറ്റ്മെയറുടെ കൈയിൽ കുടുങ്ങി കളം വിട്ടു. ശേഷമെത്തിയ ഹാർദിക് പാണ്ഡ്യ സഞ്ജുവിന് ഒപ്പം നിന്നു. 14 പന്തിൽ 17 റൺസെടുത്ത ഹാർദിക് പാണ്ഡ്യയെ ഷാമർ ജോസഫ് ജേസൺ ഹോൾഡറുടെ കൈകളിൽ എത്തിച്ചു. തുടർന്ന് ക്രീസിലെത്തിയ ശിവം ദുബൈ സഞ്ജുവിനൊപ്പം ചേർന്ന് ഇന്ത്യയെ ജയത്തിലെത്തിക്കുകയായിരുന്നു.
ഓപ്പണിങ് ബാറ്റിങ്ങിനിറങ്ങിയ സഞ്ജു വാലറ്റം വരെ പിടിച്ചു നിന്നു. ടി 20 ലോകകപ്പ് തുടക്കത്തിൽ സ്കോർ കണ്ടെത്താൻ പാടുപെട്ട സഞ്ജു പിന്നീട് ടീമിന് പുറത്തിരിക്കേണ്ട ഘട്ടംവരെ ഉണ്ടായി. എന്നാൽ ടീമിന്റെ പ്രതിസന്ധഘട്ടത്തിൽ ഓപ്പണിങ് പിഴച്ചപ്പോൾ സഞ്ജുവിനെ തിരിച്ചു വിളിക്കുകയായിരുന്നു. വീണ്ടും കളത്തിലിറങ്ങിയ സഞ്ജു ആദ്യത്തെ കളിയിൽ തന്നെ സിംബാബ്വെയ്ക്കെതിരേ 25 റൺസെടുത്ത് ജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. രണ്ടാമത്തെ ഇന്നിങ്സിൽ സെമി പ്രവേശത്തിനായുള്ള നിർണായക മത്സരത്തിൽ വെസ്റ്റ് ഇൻഡീസിനെതിരേ ഇന്ത്യയെഒറ്റയ്ക്ക് ജയത്തിലടുപ്പിക്കുകയായിരുന്നു.
ടി20 ക്രിക്കറ്റ് ലോകകപ്പ് സെമിപ്രവേശത്തിന് വെസ്റ്റിൻഡീസിനെതിരേ ഇന്ത്യയ്ക്ക് 196 റൺസ് ആയിരുന്നു വിജയലക്ഷ്യം. ആദ്യം ബാറ്റ് ചെയ്ത വിൻഡീസ് ഇരുപത് ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 195 റൺസാണ് നേടിയത്.
തുടക്കത്തിലെ മൂന്ന് നിർണായക വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടപ്പെട്ടിട്ടും ഓപ്പണിങ്ങിലിറങ്ങിയ സഞ്ജു (50 പന്തിൽ 97 റൺസ്)ഒരറ്റത്ത് ഉറച്ചുനിന്ന് കരുതലോടെ പോരാടി നേടുകയായിരുന്നു.

