ആഴ്ച്ചയിൽ അഞ്ച് പ്രവൃത്തി ദിനം:  സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു. 

തിരുവനന്തപുരം : സർക്കാർ ജീവനക്കാരുടെ പ്രവൃത്തി ദിനം ആഴ്ച്ചയിൽ അഞ്ച് ദിവസമാക്കുന്നത് സർവീസ് സംഘടനകൾ തത്വത്തിൽ അംഗീകരിച്ചു.  ഇന്ന് ചീഫ് സെക്രട്ടറി വിളിച്ചുചേർത്ത യോഗത്തിലാണ് തീരുമാനം.ജീവനക്കാർക്ക് ഞായറാഴ്ച്ചക്ക് പുറമേ ശനിയാഴ്ച കൂടി അവധി നൽകുന്നതാണ് പുതിയ പരിഷ്കാരം.

പ്രവൃത്തി സമയം കൂട്ടുന്ന കാര്യവും അംഗീകരിച്ചു. എന്നാൽ, പൊതു അവധിയും കാഷ്വൽ ലീവും ചുരുക്കാൻ അനുവദിക്കില്ലെന്ന് സംഘടനാ പ്രതിനിധികൾ യോഗത്തിൽ പറഞ്ഞു.  പ്രവൃത്തിദിനം കുറക്കുന്നതിൽ അന്തിമ തീരുമാനം ആയിട്ടില്ല. സർവീസ് സംഘടനകളുമായി പ്രാഥമിക ചർച്ചയാണ് ഇന്ന് നടന്നത്. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ പ്രശ്നങ്ങൾ പ്രത്യേകം പരിഗണിക്കണമെന്നും യോഗത്തിൽ ആവശ്യമുയർന്നിട്ടുണ്ട്.

ഭരണപരിഷ്കാര കമീഷൻ റിപ്പോർട്ടിന്‍റെയും ശമ്പള പരിഷ്കരണ കമീഷൻ റിപ്പോർട്ടിന്‍റെയും ചുവടുപിടിച്ചാണ് ആഴ്ചയിൽ രണ്ട് ദിവസം ഓഫിസുകൾക്ക് അവധി നൽകുന്നതിനെക്കുറിച്ച് ആലോചന സജീവമായത്.
ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങൾ പൂർണമായി ഓൺലൈനാകുന്ന സാഹചര്യത്തിൽ ഓഫിസ് സന്ദർശനം അനിവാര്യമല്ലെന്ന് ഇത്തരം ആലോചനകളെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാട്ടുന്നു. ഏഴ് മണിക്കൂറാണ് നിലവിൽ സർക്കാർ ഓഫിസുകളുടെ പ്രവർത്തനം. നഗരങ്ങളിൽ 10.15 മുതൽ വൈകീട്ട് 5.15 വരെയും മറ്റിടങ്ങളിൽ 10 മുതൽ അഞ്ചുവരെയും.

പ്രവൃത്തി ദിവസങ്ങളിൽ കാലത്തും വൈകീട്ടുമായി പ്രവൃത്തി സമയം ഒന്നര മണിക്കൂർ കൂടി ദീർഘിപ്പിച്ചാൽ ഏഴര മണിക്കൂർ ലഭിക്കും. ശനിയാഴ്ചയിലെ അവധിക്ക് ഇത് പകരമാവുകയും ചെയ്യും. അങ്ങനെയെങ്കിൽ നിലവിൽ 10.15ന് തുടങ്ങുന്ന ഓഫിസുകൾ 9.15നോ 9.30നോ ആരംഭിക്കണം. വൈകുന്നേരം 5.15 എന്നത് 5.30 അല്ലെങ്കിൽ 5.45 ആക്കി മാറ്റേണ്ടിവരും

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!