ന്യൂഡൽഹി: മുൻ ഡിജിപിയും ബിജെപി നേതാവുമായ ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയെ തെറ്റായ വിവരം അറിയിച്ചതിന് കേന്ദ്ര സർക്കാരിന് പിഴയിട്ടു. 25000 രൂപയാണ് കേന്ദ്ര സർക്കാരിന് സുപ്രീം കോടതി പിഴ വിധിച്ചത്. തെറ്റായ വിവരംനൽകി കോടതിയെ വിഡ്ഢിയാക്കാനാണോ ശ്രമമെന്ന് ജസ്റ്റിസുമാരായ രാജേഷ് ബിൻഡാൽ, വിജയ് ബിഷ്‌ണോയി എന്നിവരടങ്ങിയ ബെഞ്ച് ആരാഞ്ഞു.
അഴിമതി കേസിന്റെ അന്വേഷണത്തിനായി നെതർലാൻഡ്സിൽ പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാൻ നേരത്തെ സുപ്രീം കോടതി നിർദേശിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരുടെ പട്ടിക നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കൈമാറിയിരുന്നു. എന്നാൽ, വിജിലൻസ് ഇതുവരെ പട്ടിക കൈമാറിയിട്ടില്ലെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എസ്.വി. രാജു ഇന്ന് രാവിലെ സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ഈ വാദത്തെ സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ ജയന്ത് മുത്തുരാജ്, സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് എന്നിവർ എതിർത്തു. നവംബറിൽ സംസ്ഥാന വിജിലൻസ് കേന്ദ്രത്തിനയച്ച കത്തിന്റെ പകർപ്പ് ഇരുവരും കോടതിക്ക് കൈമാറി. ഇക്കാര്യത്തിലെ വസ്തുത അറിയിക്കാൻ അഡീഷണൽ സോളിസിസ്റ്റർ ജനറലിനോട് സുപ്രീം കോടതി നിർദേശിച്ചു. തുടർന്ന് ഉച്ചക്കുശേഷം കോടതിയിൽ ഹാജരായ അഡീഷണൽ സോളിസിസ്റ്റർ ജനറൽ എസ്.വി. രാജു താൻ കോടതിയെ അറിയിച്ചത് തെറ്റായ വിവരമാണെന്ന് വ്യക്തമാക്കി.ഉദ്യോഗസ്ഥർ അറിയിച്ച വിവരമാണ് കോടതിയിൽ വ്യക്തമാക്കിയതെന്നായിരുന്നു വിശദീകരണം. കോടതിയെ വിഡ്ഢിയാക്കാൻ ശ്രമിക്കുകയാണോയെന്നും ബെഞ്ച് ചോദിച്ചു. ഈ അശ്രദ്ധയ്ക്ക് കേന്ദ്ര സർക്കാരിന് കോടതി പിഴ ഇടുകയാണെന്നും വീഴ്ചവരുത്തിയ ഉദ്യോഗസ്ഥരിൽനിന്ന് പിഴ തുകയായ 25000 രൂപ ഈടാക്കണമെന്നും കോടതി വ്യക്തമാക്കി. ജേക്കബ് തോമസിനെതിരെ പരാതി നൽകിയ സത്യൻ നരവൂരിന് വേണ്ടി അഭിഭാഷകൻ കാളീശ്വരം രാജ് ഹാജരായി.

