രാഷ്ട്രീയ കേരളത്തിന്റെ സമരസ്മരണകളിലെ കെടാത്ത നക്ഷത്രം വി.എസ് അച്യുതാനന്ദൻ ഇനി ജ്വലിക്കുന്ന ഓർമ. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും പുന്നപ്ര-വയലാർ സമരനായകനുമായി, ഏറ്റവും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവായി, ഒരു വ്യാഴവട്ടത്തോളം പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയായി, പതിറ്റാണ്ടുകളോളം രാഷ്ട്രീയത്തിൽ നിറഞ്ഞുനിന്ന വേലിക്കകത്ത് ശങ്കരൻ അച്യുതാനന്ദൻ എന്ന വി.എസ്. അന്തരിച്ചു.

അന്തരിച്ച മുൻ മുഖ്യമന്ത്രി വി.എസിന്റെ സംസ്കാരം ബുധനാഴ്ച ഉച്ചകഴിഞ്ഞ് നടക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് വിലാപയാത്രയായി മൃതദേഹം ആലപ്പുഴയിൽ എത്തിക്കുമെന്നും അദ്ദേഹം അറിയിച്ചു.
എസ്.യു.ടി ആശുപത്രിയിൽ നിന്ന് മൃതദേഹം എകെജി പഠന ഗവേഷണ കേന്ദ്രത്തിലേക്ക് കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇവിടെ പൊതുദർശനം ഉണ്ടാകും. തുടർന്ന് രാത്രിയോടെ അവിടെനിന്ന് തിരുവനന്തപുരത്തെ മകന്റെ വസതിയിലേക്ക് കൊണ്ടുപോകും. ചൊവ്വാഴ്ച രാവിലെ ഒൻപത് മണിക്ക് വീട്ടിൽനിന്ന് ദർബാർ ഹാളിലേയ്ക്ക് പൊതുദർശനത്തിനായി കൊണ്ടുപോകും. എല്ലാവർക്കും അവിടെ പൊതുദർശനത്തിന് അവസരമുണ്ടാകും. ഉച്ചയ്ക്ക് ശേഷം ദേശീയപാത വഴി ആലപ്പുഴയിലേക്ക് വിലാപയാത്രയായി കൊണ്ടുപോകാനാണ് തീരുമാനിച്ചിരിക്കുന്നത്. രാത്രിയോടെ ആലപ്പുഴയിലെ വീട്ടിലെത്തിക്കും. ബുധനാഴ്ച രാവിലെ വീട്ടിൽനിന്ന് ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് എത്തിച്ച് പൊതുദർശനം അനുവദിക്കും. ഉച്ചയ്ക്ക് ശേഷം ആലപ്പുഴ വലിയ ചുടുകാട്ടിൽ സംസ്കാരം നടത്താനാണ് തീരുമാനിച്ചിരിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
