ഭോപാൽ: വീട്ടിൽ അതിക്രമിച്ചുകയറിയ സംഘം ഗൃഹനാഥനെ വെടിവെച്ച ശേഷം ഭാര്യയെയും രണ്ട് പെൺമക്കളെയും തട്ടികൊണ്ടുപോയതായി പരാതി. മധ്യപ്രദേശിലെ ഛത്തർപുരിൽ സുമേദി സ്വദേശിയായ ഹരിറാം പാൽ എന്നയാളുടെ വീട്ടിലാണ് അതിക്രമമുണ്ടായത്. ശനിയാഴ്ച ഉച്ചയ്ക്ക് 12:30-നായിരുന്നു സംഭവം.
എസ്.യു.വിയിലും ഇരുചക്ര വാഹനങ്ങളിലുമായി എത്തിയ സംഘത്തിൽ പന്ത്രണ്ടോളം പേർ ഉണ്ടായിരുന്നെന്ന് പരാതിയിൽ പറയുന്നു. തോക്കുകളും വടികളുമായി വീട്ടിനുള്ളിൽ കടന്ന അക്രമികൾ കുടുംബത്തെ മർദിക്കുകയും വെടിയുതിർക്കുകയും ചെയ്‌ത. ശേഷം ഹരിറാമിൻ്റെ അഞ്ചും ഏഴും വയസുള്ള രണ്ട് പെൺകുട്ടികളെയും ഭാര്യയെയും വാഹനത്തിൽ കയറ്റി കൊണ്ടുപോവുകയായിരുന്നു. വെടിവെപ്പിൽ ഹരിറാമിന് പരിക്കേറ്റു. ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഹരിറാമിന്റെ ആരോഗ്യനില ഗുരുതരമാണ്.
ഗ്രാമവാസിയായ സഞ്ജയ് സിങ് രാജ്പുത് എന്നയാളാണ് അക്രമത്തിനു പിന്നിലെന്നും വ്യക്തിവൈരാക്യമാണ് അക്രമത്തിന് കാരണമെന്നും പോലീസ് പറയുന്നു. കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്നും കേസുമായി ബന്ധപ്പെട്ട് ഇതുവരെ അഞ്ചുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
