നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി  പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കവെ വെടിവെച്ചു വീഴ്ത്തി വനിത SI.

ലഖ്നൗ: പോലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച ബലാത്സംഗക്കേസിലെ പ്രതിയെ വെടിവെച്ചുവീഴ്ത്തി വനിതാ എസ്ഐ. ഉത്തർപ്രദേശ് പോലീസിലെ എസ്ഐയായ സാക്കിന ഖാൻ ആണ് പോക്സോ കേസിലെ പ്രതിയെ ഏറ്റുമുട്ടലിൽ കീഴടക്കിയത്. കഴിഞ്ഞദിവസം ഉത്തർപ്രദേശിലെ മദേയ്ഗഞ്ചിലായിരുന്നു സംഭവം.

നാലുവയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ കമൽ കിഷോറിനെയാണ് സാക്കിന ഖാൻ അതിസാഹസികമായി പിടികൂടിയത്. പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായിരുന്ന കിഷോർ ഒളിവിൽ കഴിഞ്ഞുവരികയായിരുന്നു. കഴിഞ്ഞദിവസം ഇയാളുടെ ഒളിയിടത്തെക്കുറിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചു. തുടർന്ന് സാക്കിന ഖാൻ അടക്കമുള്ള പോലീസുകാരുടെ സംഘം പ്രതി ഒളിവിൽകഴിയുന്ന സ്ഥലത്തെത്തി. എന്നാൽ, പോലീസിനെ കണ്ടതോടെ വെടിയുതിർത്ത് രക്ഷപ്പെടാനായിരുന്നു പ്രതിയുടെ ശ്രമം. ഇതോടെയാണ് അന്വേഷണസംഘത്തിലുണ്ടായിരുന്ന സാക്കിന ഖാൻ പ്രതിയെ വെടിവെച്ച് വീഴ്ത്തിയത്.

വെടിയേറ്റ് പരിക്കേറ്റ പ്രതിയെ പിന്നീട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായി പോലീസ് അറിയിച്ചു. പീഡനത്തിനിരയായ പെൺകുട്ടിയ്ക്ക് കൗൺസലിങ് നൽകാനും സാക്കിന ഖാൻ ഉണ്ടായിരുന്നതായി ഡിസിപി പറഞ്ഞു. പ്രതിയായ കിഷോർ നേരത്തേ ഒട്ടേറെ ക്രിമിനൽക്കേസുകളിൽ ഉൾപ്പെട്ടയാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!