ആലപ്പുഴ: ശക്തമായ കാറ്റിലും മഴയിലും ആലപ്പുഴ ബീച്ചിനു സമീപം പെട്ടിക്കട ദേഹത്ത് വീണ് പെൺകുട്ടി മരിച്ചു. തിരുമല വാർഡ് രതീഭവൻ ജോഷി-ദീപാഞ്ജലി ദമ്പതികളുടെ മകൾ നിത്യ ജോഷി (18) ആണ് മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് ഒന്നരയോടെ കാറ്റിൽ തട്ടുകട തകർന്നുവീണാണ് നിത്യയുടെ മരണം. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് കലവൂർ സ്വദേശി ആദർശിന് (24) പരിക്കേറ്റു.

ബീച്ചിൽ ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടപ്പോൾ രക്ഷപ്പെടാനായി പെട്ടിക്കടക്കു പിന്നിൽ കയറി നിൽക്കുകയായിരുന്നു ഇരുവരും. മഴയും കാറ്റും ശക്തമായതോടെ താൽക്കാലികമായി നിർമിച്ച കട മറിഞ്ഞുവീഴുകയായിരുന്നു. ഗുരുതര പരിക്കേറ്റ നിത്യയെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ആദർശിനെ പരിക്കുകളോടെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിത്യ പ്ലസ് ടു കഴിഞ്ഞ് നിൽക്കുകയായിരുന്നു. പിതാവ് ജോഷി അസുഖബാധിതനായി മരിച്ചിട്ട് ഏറെ നാളായിട്ടില്ല. നിഖിൽ സഹോദരനാണ്.
