പഞ്ചാബിലെ വ്യാജമദ്യദുരന്തം: മരണം 21 ആയി; മെഥനോൾ വാങ്ങിയത് ഓൺലൈൻ വഴി.

അമൃത്സർ: പഞ്ചാബിൽ വ്യാജമദ്യദുരന്തത്തിൽ മരണം 21 ആയി. അമൃത്സറിലെ മജിത ബ്ലോക്കിൽ ഉൾപ്പെടുന്ന ഗ്രാമങ്ങളിലാണ് മദ്യദുരന്തമുണ്ടായത്. മരിച്ചവരിൽ ഭൂരിഭാഗവും ഭംഗാലി, പതൽപുരി, മരാരി കലൻ, തരൈവാൽ പ്രദേശങ്ങളിൽ നിന്നുള്ളവരാണ്. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ ഉണ്ടായ ഏറ്റവും വലിയ മൂന്നാമത്തെ ദുരന്തമാണ് സംസ്ഥാനത്തേത്. വ്യാജമദ്യം കഴിച്ച് നിരവധി പേരെ ചൊവ്വാഴ്ച ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

സംഭവത്തിൽ പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കേസിൽ ഉൾപ്പെട്ട എക്സൈസ്, ടാക്സ് ഓഫീസർ ജില്ലാ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് അടക്കം നാല് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്‌തു.

വ്യാജമദ്യ നിർമ്മാണത്തിന് ഓൺലൈൻ വഴിയാണ് മെഥനോൾ വാങ്ങിയതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഞായറാഴ്ച വൈകുന്നേരം ഒരേ ഉറവിടത്തിൽ നിന്ന് മദ്യം വാങ്ങിയവരാണ് ദുരന്തത്തിന് ഇരകളായതെന്നാണ് വിവരം. തിങ്കളാഴ്ച രാവിലെ ചിലർ മരിച്ചെങ്കിലും നാട്ടുകാർ പോലീസിനെ അറിയിക്കാതെ മൃതദേഹങ്ങൾ സംസ്കരിക്കുകയായിരുന്നു. തിങ്കളാഴ്ച വൈകിയാണ് മരണങ്ങളെക്കുറിച്ച് വിവരം ലഭിച്ചതെന്ന് മജിത എസ് എച്ച് ഒ ആഫ്ത‌ാബ് സിങ് പറഞ്ഞു.

വിഷമദ്യം കഴിച്ച് നിരവധി പേർ മരിച്ചുവെന്ന ദുഃഖകരമായ വാർത്തയാണ് ഗ്രാമങ്ങളിൽ നിന്ന് വരുന്നത്. ഇത് മരണമല്ല, കൊലപാതകമാണ്. നിരപരാധികളെ കൊന്നൊടുക്കിയ കൊലയാളികളെ ഒരു കാരണവശാലും വെറുതെ വിടില്ല. കുറ്റവാളികളെ നിയമത്തിന് മുമ്പിലെത്തിച്ച് ശിക്ഷിക്കും-പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മൻ എക്സിൽ കുറിച്ചു.

സർക്കാരിന്റെ ഭാഗത്തുനിന്ന് മരിച്ചവരുടെ കുടുംബത്തിന് സഹായം ഉണ്ടാകുമെന്നും ഇരകൾക്കൊപ്പമാണ് സർക്കാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വ്യാജമദ്യ നിർമ്മാണം തടയുന്നതിൽ എഎപി സർക്കാർ പരാജയപ്പെട്ടുവെന്ന ആരോപണവുമായി പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി ഹർപൽ സിങ് ചീമയും രാജിവെക്കണമെന്നും പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!