ന്യൂഡൽഹി: പാക് യുവതിയെ വിവാഹം ചെയ്തത് മറച്ചുവെച്ച സിആർപിഎഫ് ജവാനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു. ജമ്മു കശ്മീരിലെ സിആർപിഎഫ് 14-ാം ബറ്റാലിയൻ ജവാനായ മുനീർ അഹ്മദിനെതിരേയാണ് നടപടി. ഉദ്യോഗസ്ഥന്റെ പെരുമാറ്റം ദേശീയ സുരക്ഷയ്ക്ക് ഹാനികരമാണെന്ന് കണ്ട് സിആർപിഎഫ് ശനിയാഴ്ച നടപടി സ്വീകരിക്കുകയായിരുന്നു. പാക് യുവതിയെ വിവാഹം ചെയ്തകാര്യം മറച്ചുവെച്ചതും വിസാ കാലാവധി കഴിഞ്ഞിട്ടും ഇന്ത്യയിൽ താമസിപ്പിച്ചതും ആശങ്കയ്ക്കിടയാക്കിയിട്ടുണ്ടെന്ന് സിആർപിഎഫ് പ്രസ്‌താവനയിൽ അറിയിച്ചു.
പാകിസ്താനിലെ സിയാൽക്കോട്ട് സ്വദേശിയായ മിനാൽ ഖാനും മുനീർ അഹ്‌മദും കഴിഞ്ഞവർഷം മേയിലാണ് വിവാഹിതരായത്. ഇരുവരും ഓൺലൈൻ വഴിയാണ് പരിചയപ്പെട്ടത്. മിനാലിനെ വിവാഹം കഴിക്കാൻ മുനീർ 2023-ൽ സിആർപിഎഫിൽനിന്ന് അനുമതി തേടിയിരുന്നു. എന്നാൽ വകുപ്പ് ഇക്കാര്യത്തിൽ തീരുമാനമെടുക്കുന്നതിനു മുൻപുതന്നെ ഇരുവരും വിവാഹിതരായി. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു വിവാഹം.
തുടർന്ന് മിനാൽ കഴിഞ്ഞ ജനുവരിയിൽ ഹ്രസ്വകാല വിസയിൽ ഇന്ത്യയിലെത്തി. ഇക്കഴിഞ്ഞ മാർച്ച് 22-ന് വിസാ കാലാവധി അവസാനിച്ചതോടെ നീട്ടിനൽകാൻ അപേക്ഷ നൽകി. ദീർഘകാല വിസയ്ക്കായിരുന്നു അപേക്ഷ നൽകിയിരുന്നത്. പക്ഷേ, ഇത് അംഗീകരിക്കപ്പെട്ടില്ല. യുവതിയെ പാകിസ്‌താനിലേക്ക് മടക്കിയയയ്ക്കാൻ മുനീർ തയ്യാറായതുമില്ല. ഇതെല്ലാം മുനീറിന് കുരുക്കായി.
ഇതിനിടെ പഹൽഗാം ഭീകരാക്രമണമുണ്ടാവുകയും പാക് സ്വദേശികളെല്ലാം രാജ്യം വിട്ടുപോകണമെന്ന് ഇന്ത്യ അന്ത്യശാസനം നൽകുകയും ചെയ്തു. തുടർന്ന് മിനാൽ ഖാനെ അട്ടാരി അതിർത്തിയിലെത്തിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇതിനിടെ മുനീർ അഹ്മദിന്റെ കുടുംബം ജമ്മുവിലെ കോടതിയെ സമീപിക്കുകയും ഇന്ത്യ വിട്ടുപോകുന്നതിൽ സ്‌റ്റേ ഉത്തരവ് ലഭിക്കുകയും ചെയ്‌തു. അതിനാൽ മിനാൽ അട്ടാരിയിൽനിന്ന് ജമ്മുവിലേക്ക് തന്നെ മടങ്ങി.
