കോഴിക്കോട്: നഗരത്തിൽ നടത്തിയ ലഹരിവേട്ടയിൽ രണ്ട് യുവാക്കളും യുവതിയും പിടിയിൽ. ഡാൻസാഫും (ഡിസ്ട്രിക്റ്റ് ആന്റി-നാർക്കോട്ടിക്സ് സ്പെഷ്യൽ ആക്ഷൻ ഫോഴ്‌സ്) നടക്കാവ് പോലീസും ചേർന്ന് നടത്തിയ പരിശോധനയിൽ മുനാഫിസ്, ധനൂബ്, അതുല്യ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരിൽനിന്ന് 50.95 ഗ്രാം എംഡിഎംഎ പിടികൂടി.
മാവൂർ റോഡ് മൃഗാശുപത്രിക്ക് സമീപത്തുവെച്ചാണ് അരക്കിണർ സ്വദേശി മുനാഫിസിൽനിന്ന് 14.95 ഗ്രാം എംഡിഎംഎ പിടികൂടിയത്. ഇയാൾ എംടെക് വിദ്യാർഥിയാണ്. മുനാഫിസ് ലഹരി ഉപയോഗിക്കുകയും വിൽപന നടത്തുകയും ചെയ്യുന്നയാളാണെന്ന് പോലീസ് പറഞ്ഞു. നേരത്തെ 700 ഗ്രാം എംഡിഎംഎ പിടിച്ചതിന് ബെംഗുളുരുവിലും ആശിഷുമായി പിടികൂടിയതിന് ദുബൈയിലും ഇയാൾക്കെതിരെ കേസുണ്ട്. നാലരവർഷം ദുബൈയിലും എട്ട് മാസം ബെംഗുളുരുവിലും മുനാഫിസ് ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.ധനൂബ്, അതുല്യ എന്നിവരെ അരയിടത്തുപാലത്തെ സ്വകാര്യ ലോഡ്ജിൽ നിന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് 36 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. ബെംഗുളുരുവിൽ നിന്നാണ് ലഹരിപദാർഥം കൊണ്ടുവന്നതെന്നാണ ഇവർ പോലീസിനോട് പറഞ്ഞത്. അതുല്യ കോഴിക്കോട് ജില്ലയിൽ എംഡിഎംഎ കാരിയറായി മുമ്പും പ്രവർത്തിച്ചിട്ടുണ്ടെന്നാണ് പോലീസിന് ലഭിച്ച വിവരം. ബെംഗുളുരുവിൽനിന്ന് കഞ്ചാവുമായി പിടിയിലായതിന് ധനൂബിനെതിരെ കേസുണ്ട്. രണ്ട് മാസം മുമ്പാണ് ഇയാൾ ജയിലിൽനിന്നിറങ്ങിയത്.
