ആന്ധ്രാപ്രദേശിലെ അമരാവതിയിൽ കുട്ടിക്കടത്ത് സംഘം പിടിയിൽ; മൂന്ന് സ്ത്രീകൾ അടക്കം ആറുപേർ അറസ്റ്റിൽ.

ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ലയിൽ സജീവമായിരുന്ന കുട്ടിക്കടത്ത് സംഘം പിടിയിൽ. സംഭവുമായി ബന്ധപ്പെട്ട് മൂന്ന് സ്ത്രീകളെ പൊലീസ് അറസ്റ്റ് ചെയ്‌തു. പെനമലൂരു പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് കേസുകൾ രജിസ്റ്റർ ചെയ്‌തത്‌. നേരത്തെ ഈ സംഘത്തിൽ പെട്ട മൂന്ന് പേർ പിടിയിലായിരുന്നു. ഇതോടെ കുട്ടിക്കടത്ത് സംഘത്തിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.

പുതുതായി പിടികൂടിയ പ്രതികളിൽനിന്ന് 16 മാസം പ്രായമുള്ള ഒരു ആൺകുട്ടിയെ കൂടി പൊലീസ് സംഘം രക്ഷപ്പെടുത്തി. ഇതിന് പുറമെ കുട്ടികളെ കടത്തിയതുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ലഭിച്ച 80,500 രൂപയും പൊലീസ് പിടിച്ചെടുത്തു. വിജയവാഡ സ്വദേശികളായ ഗന്റ മേരി(26), പെഡമർത്തി കനകമ്മ(23), ഗണ്ടിക്കോട്ട ഗുരമ്മ(30) എന്നിവരാണ് ഇപ്പോൾ അറസ്റ്റിലായിട്ടുള്ളത്.

പാവപ്പെട്ട അമ്മമാരെയും തെരുവിൽ ഭിക്ഷ യാചിക്കുന്നവരെയുമാണ് കുട്ടിക്കടത്ത് സംഘം പ്രധാനമായും ലക്ഷ്യമിട്ടിരുന്നതെന്ന് കൃഷ്ണ ജില്ല എസ്‌പി വാസന വിദ്യാസാഗർ നായിഡു വ്യക്തമാക്കി. തന്ത്രപരമായി ഇവരെ സമീപിച്ച് വിശ്വാസം നേടിയെടുത്ത ശേഷം കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നതാണ് പ്രതികളുടെ രീതി. തുടർന്ന് വലിയ തുകയ്ക്ക് ആവശ്യക്കാർക്ക് കുട്ടികളെ ഇവർ വിൽപന നടത്തും. സാമ്പത്തിക ലാഭം മാത്രം ലക്ഷ്യമിട്ടാണ് നിയമവിരുദ്ധമായ കുട്ടിക്കടത്ത് ശൃംഖല പ്രവർത്തിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ ഏപ്രിൽ 17നാണ് കേസിൽ ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയത്. അന്ന് 10 മാസം പ്രായമുള്ള ഒരു കുഞ്ഞിനെ പൊലീസ് സംഘം രക്ഷപ്പെടുത്തിയിരുന്നു. കുട്ടിയെ വാങ്ങിയ രണ്ടുപേരും ഇവർക്ക് വേണ്ട സഹായങ്ങൾ ചെയ്‌തുകൊടുത്ത ഒരു ഓട്ടോ ഡ്രൈവറുമാണ് അന്ന് പൊലീസ് പിടിയിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്‌തതോടെയാണ് കുട്ടിക്കടത്തിന്റെ കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചത്.

ഇത് മുഖ്യപ്രതികളായ മൂന്ന് സ്ത്രീകളെ വലയിലാക്കാൻ അന്വേഷണസംഘത്തെ സഹായിച്ചു. ഇപ്പോൾ രക്ഷപ്പെടുത്തിയ ശിവം എന്ന ആൺകുട്ടിയെ വിജയവാഡയിലെ ക്ഷേത്രത്തിന് സമീപത്തുനിന്നാണ് പ്രതികൾ തട്ടിക്കൊണ്ടുപോയത്. എന്നാൽ കുട്ടിയെ വാങ്ങാൻ ഉദ്ദേശിച്ചിരുന്ന ആളുകൾ പിന്നീട് ഇതിൽ നിന്ന് പിന്മാറി. ഇതോടെ കുട്ടിയെ പ്രതികൾ ബന്ധുവിന്റെ വീട്ടിൽ ഒളിപ്പിക്കുകയായിരുന്നു. പൊലീസ് നടത്തിയ ഊർജിതമായ അന്വേഷണത്തിനൊടുവിലാണ് ഒളിപ്പിച്ച സ്ഥലത്തുനിന്നും കുട്ടിയെ കണ്ടെത്തിയത്.

പ്രതികൾക്ക് സമാനമായ മറ്റു പല കേസുകളിലും പങ്കുള്ളതായി ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. സംഘം കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയിട്ടുണ്ടോയെന്ന് കണ്ടെത്താനും രക്ഷപ്പെടുത്തിയ കുട്ടികളെ യഥാർഥ അവകാശികളെ ഏൽപ്പിക്കാനുമുള്ള ശ്രമങ്ങൾ പൊലീസ് തുടരുകയാണ്. കുട്ടികളെ അപരിചിതരായ ആളുകളുടെ കൈകളിൽ ഏൽപ്പിക്കരുതെന്നും എപ്പോഴും അതീവ ജാഗ്രത പാലിക്കണമെന്നും ജില്ല എസ്‌പി മാതാപിതാക്കളോട് നിർദേശിച്ചു. കുട്ടികൾക്ക് നേരെയുള്ള ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.

ജനങ്ങൾ ഇത്തരം സംഘങ്ങളെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചാൽ ഉടൻതന്നെ പൊലീസിനെ അറിയിക്കണമെന്നും കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ പൊതുസമൂഹത്തിന്റെ പൂർണ പിന്തുണ ആവശ്യമാണെന്നും അധികൃതർ അഭ്യർഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!