കോട്ടയത്ത് നഴ്സിങ്ങ് വിദ്യാർഥികൾ നേരിട്ടത് സമാനതകളില്ലാത്ത ക്രൂരത, റാഗിങ്ങ് കേസിൽ 5 വിദ്യാർഥികൾ അറസ്റ്റിൽ.

കോട്ടയം: · ഗവ. നഴ്‌സിങ് കോളജിൽ റാഗിങ് നടത്തിയ 5 സീനിയർ വിദ്യാർഥികളെ പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം മൂന്നിലവ് സ്വദേശി സാമുവൽ, വയനാട് നടവയൽ സ്വദേശി ജീവ, മലപ്പുറം മഞ്ചേരി സ്വദേശി റിജിൽ ജിത്ത്, മലപ്പുറം വണ്ടൂർ സ്വദേശി രാഹുൽ രാജ്, കോട്ടയം കോരുത്തോട് സ്വദേശി വിവേക് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇവരെ കോളജിൽനിന്നു സസ്പെൻഡ് ചെയ്‌തു. വിദ്യാർഥികളെ ഇന്ന് ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.

ക്രൂരമായി റാഗിങ് നടത്തിയെന്ന ഒന്നാം വർഷ വിദ്യാർഥികളുടെ പരാതിയിലാണ് മൂന്നാം വർഷ വിദ്യാർഥികളായ 5 പേരെ പൊലീസ് പിടികൂടിയത്. 3 മാസത്തോളം നീണ്ടുനിന്ന റാഗിങ്ങിനൊടുവിൽ മൂന്ന് ഒന്നാം വർഷ വിദ്യാർഥികൾ പരാതി നൽകിയതോടെയാണ് ഗാന്ധിനഗർ പൊലീസ് കേസെടുത്തത്. കഴിഞ്ഞ നവംബറിൽ റാഗിങ് തുടങ്ങിയതായാണു പരാതി. വിദ്യാർഥികളെ നഗ്നരാക്കി നിർത്തിയതായും വെയ്റ്റ് ലിഫ്റ്റിങ്ങിന് ഉപയോഗിക്കുന്ന ഡംബൽ ഉപയോഗിച്ച്  ക്രൂരത കാട്ടിയതായും പരാതിയിൽ പറയുന്നു.

സമാനകളില്ലാത്ത ക്രൂരതകളാണ് കോട്ടയം മെഡിക്കൽ കോളേജിലെ നഴ്സിങ് കോളേജിലെ ഒന്നാം വർഷ വിദ്യാർഥികൾ നേരിടേണ്ടിവന്നത്. കോളേജിൽ അധ്യയനം തുടങ്ങിയ നവംബർ നാലുമുതൽ തിങ്കളാഴ്ചവരെ തിരുവനന്തപുരം സ്വദേശികളായ ആറ് വിദ്യാർഥികളാണ് റാഗിങ്ങിന് വിധേയരായത്. കോമ്പസ് ഉപയോഗിച്ച് ശരീരത്തിൽ മുറിവുകളുണ്ടാക്കിയും കത്തിവെച്ച് ഭീഷണിപ്പെടുത്തിയുമാണ് ക്രൂരപീഡനം നടത്തിയത്. ശരീരമാസകലം വരഞ്ഞ് മുറിവുണ്ടാക്കിയതായും, ഈ മുറിവുകളിൽ ലോഷൻ ഒഴിച്ചിരുന്നുവെന്നും പരാതിയുണ്ട്. ലോഷൻ വീണ് വേദനയെടുത്ത് പുളയുമ്പോൾ വായിലും ശരീരഭാഗങ്ങളിലും ക്രീം തേച്ച് പിടിപ്പിക്കും. നഗ്‌നരാക്കിനിർത്തി സ്വകാര്യഭാഗങ്ങളിൽ ഡമ്പൽ തൂക്കും. ഞായറാഴ്ച ദിവസങ്ങളിൽ സീനിയർ വിദ്യാർഥികൾ മദ്യപിക്കുന്നതിനായി ഊഴമിട്ട് പിരിവെടുത്തിരുന്നുവെന്നും പരാതിയിൽ പറയുന്നു. നഴ്സിങ് കോളേജിലെ ആൺകുട്ടികളുടെ ഹോസ്റ്റലിലാണ് ക്രൂരമായ റാഗിങ് നടന്നത്.

പീഡനം പുറത്തറിയാതിരിക്കാൻ, റാഗിങ്ങിന് വിധേയരായ വിദ്യാർഥികൾക്ക് നിർബന്ധിച്ച് മദ്യം നൽകി വീഡിയോ പകർത്തി ഭീഷണിപ്പെടുത്തി. ഈ വീഡിയോ പുറത്തായാൽ പഠനംതന്നെ നിലയ്ക്കുമെന്ന ഭയത്താൽ, പീഡനത്തിനിരയായവർ വിവരം പുറത്തുപറഞ്ഞില്ല. സഹിക്കവയ്യാതെയാണ് ഒടുവിൽ വിദ്യാർഥികൾ രക്ഷിതാക്കളെ വിവരമറിയിച്ചത്. അവരുടെ നിർദേശപ്രകാരമാണ്, വിദ്യാർഥികൾ ഗാന്ധിനഗർ പോലീസിൽ പരാതി നൽകിയത്. നിലവിൽ അഞ്ചുപേരെയാണ് അറസ്റ്റുചെയ്ത‌തെങ്കിലും കൂടുതൽ പേർക്ക് പങ്കുണ്ടോയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!