പ്രതി മലയിൽ തന്നെയെന്ന് സംശയം; തിരച്ചിലിന് കൂടുതൽ പോലീസുകാരെ  നിയോഗിച്ചു.

പാലക്കാട്: നെന്മാറയിൽ ഒരു കുടുംബത്തിലെ രണ്ടുപേരെ കൊലപ്പെടുത്തിയ പ്രതി ചെന്താമരയ്ക്കായുള്ള വ്യാപക തിരച്ചിലിൽ പോലീസ്.

നൂറ് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേർന്ന് നെല്ലിയാമ്പതി മലയിൽ ചൊവ്വാഴ്ച തിരച്ചിൽ തുടങ്ങി. അതേസമയം, സജിതയും കുടുംബവും തനിക്കെതിരേ ദുർമന്ത്രവാദം ചെയ്തു എന്ന് വിശ്വസിച്ചായിരുന്നു ഇയാളുടെ അരുംകൊല.

ചെന്താമര കടുത്ത അന്ധവിശ്വാസിയായിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. തനിക്കെതിരേ ദുർമന്ത്രവാദം ചെയ്തു എന്ന് ആരോപിച്ചായിരുന്നു 2019-ൽ ഇയാൾ സജിതയെ കൊലപ്പെടുത്തുന്നത്. അതിനുശേഷം, വർഷങ്ങൾക്കിപ്പുറവും ഈ കുടുംബത്തോട് ഇയാൾ പക വെച്ചുപുലർത്തിയിരുന്നു. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് സജിതയുടെ ഭർത്താവിനേയും ഭർതൃമാതാവിനേയും ഇയാൾ വീട്ടിലെത്തി കൊലപ്പെടുത്തുന്നത്.

ജയിലിൽനിന്നിറങ്ങിയ ചെന്താമര ജാമ്യവ്യവസ്ഥ ലംഘിച്ചാണ് പോത്തുണ്ടിയിലെ വീട്ടിലെത്തിയത്. നെന്മാറ പോലീസ് സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കുന്നത് വിലക്കണമെന്ന് ജാമ്യാപേക്ഷ പരിഗണിക്കുമ്പോൾ പോലീസ് ആവശ്യപ്പെട്ടെങ്കിലും നെന്മാറ ഗ്രാമപ്പഞ്ചായത്തിൽ പ്രവേശിക്കരുതെന്ന വ്യവസ്ഥയേ ഉൾപ്പെടുത്തിയുള്ളൂ. ഈ വ്യവസ്ഥ ലംഘിച്ചാണ് ഡിസംബർ 29-ന് ചെന്താമര സ്വന്തം വീട്ടിലെത്തിയത്.

നെന്മാറ ഇരട്ടകൊലപാതക കേസ് പ്രതി ചെന്താമരയെ പാലക്കാട് നഗരത്തിൽ കണ്ടതായി വാർത്ത വന്നതിന് പിന്നാലെ പൊലീസ് പാലക്കാട് നഗരത്തിലും തിരച്ചിൽ നടത്തുന്നു..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!