പ്രശസ്ത സംവിധായകൻ ഷാഫി(56)അന്തരിച്ചു

കൊച്ചി: പ്രശസ്ത സംവിധായകൻ  ഷാഫി (56)അന്തരിച്ചു. ആന്തരിക രക്തസ്രാവത്തെത്തുടർന്ന് ഈ മാസം 16-നാണ് ഷാഫിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.ദിവസങ്ങളോളം കഠിനമായ തലവേദനയും ഉറക്കമില്ലായ്മയും അനുഭവപ്പെട്ടതിനെത്തുടർന്നാണ് ഷാഫി ചികിത്സതേടിയത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിലെ രക്തസ്രാവം കണ്ടെത്തി. ശസ്ത്രക്രിയ നടത്തിയെങ്കിലും ആരോഗ്യനില വഷളായതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

എളമക്കര മൂത്തോട്ടത്ത് എം.പി. ഹംസയുടെയും നബീസയുടെയും മകനായി ജനിച്ച ഷാഫിയുടെ യഥാർഥ പേര് എം.എച്ച്. റഷീദ് എന്നാണ്. ബന്ധുവായ സംവിധായകൻ സിദ്ദീഖിന്റെയും സഹോദരൻ റാഫിയുടെയും പാതയിലൂടെയാണ് സിനിമയിലേക്ക് കടന്നുവന്നത്. സംവിധാനം ചെയ്ത 17 സിനിമകളിൽ ഏറെയും വമ്പൻ ഹിറ്റുകളായിരുന്നു.

ഭാര്യ: ഷാമില. മക്കൾ: അലീമ, സൽമ. സംവിധായകനും തിരക്കഥാകൃത്തുമായ റാഫി സഹോദരനാണ്. മൃതദേഹം കറുകപ്പിള്ളിയിലെ വീട്ടിലെത്തിച്ചു. ഞായറാഴ്ച രാവിലെ 9.30 മുതൽ ഒരുമണിവരെ മണപ്പാട്ടിപ്പറമ്പ് കൊച്ചിൻ സർവീസ് സഹകരണബാങ്ക് ഓഡിറ്റോറിയത്തിൽ പൊതുദർശനത്തിന് വയ്ക്കും. വൈകീട്ട് നാലിന് കറുകപ്പിള്ളി ജുമാമസ്ജിദ് കബർസ്‌താനിൽ കബറടക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!