തിരുവനന്തപുരം: സിനിമാമേഖലയിൽ സ്ത്രീകൾ കുറവായതുകൊണ്ട് പലപ്പോഴും ഏറ്റവും മികച്ച സിനിമകൾ ചെയ്യണമെന്ന സമ്മർദം സ്ത്രീകൾക്ക് മേൽ ഉണ്ടാകുന്നുവെന്ന് നടി കനി കുസൃതി. സിനിമയിലെ സ്ത്രീ സാന്നിധ്യം വർധിക്കേണ്ടത് ആവശ്യമാണെന്നും അവർ പറഞ്ഞു. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ ഭാഗമായി നടന്ന ഇന്ത്യൻ സ്വതന്ത്ര സിനിമയിലെ സ്ത്രീ സാന്നിധ്യത്തെപ്പറ്റിയുള്ള ‘ഫീമെയ്ൽ വോയ്‌സസ്’ പാനൽ ചർച്ചയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു കനി. സംവിധായിക റിമ ദാസ്, പ്രൊഡക്ഷൻ ഡിസൈനറും അഭിനേത്രിയുമായ അനസൂയ സെൻഗുപ്‌ത, സംവിധായികയും ഛായാഗ്രാഹകയുമായ ഫൗസിയ ഫാത്തിമ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.
മേളയുടെ ക്യൂറേറ്റർ ഗോൾഡ സെല്ലം മോഡറേറ്ററായ പരിപാടിയിൽ സിനിമാരംഗത്തെ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളും സ്ത്രീകൾക്ക് മുന്നിലുള്ള സാധ്യതകളും ചർച്ചയായി.
സിനിമാമേഖലയിൽ സ്ത്രീകൾ മറ്റു സ്ത്രീകളെ പിന്തുണയ്ക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയാണ് റിമ ദാസ് സംസാരിച്ചത്. സിനിമയിലെ അണിയറ പ്രവർത്തനങ്ങൾക്കും സാങ്കേതിക കാര്യങ്ങൾ കൈകാര്യം ചെയ്യാനും സ്ത്രീകൾക്ക് അവസരങ്ങൾ ഒരുക്കുക എന്നതും അവരുടെ തൊഴിൽ അംഗീകരിക്കുക എന്നതും കാലഘട്ടത്തിന്റെ ആവശ്യമാണെന്ന് ഫൗസിയ ഫാത്തിമ അഭിപ്രായപ്പെട്ടു.
സമകാലിക ഇന്ത്യൻ സിനിമയിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെപ്പറ്റിയും സിനിമാ മേഖലയിലെ സ്ത്രീ മുന്നേറ്റങ്ങളെപ്പറ്റിയും അതിഥികൾ അവരുടെ അഭിപ്രായങ്ങൾ പങ്കുവച്ചു. സ്ത്രീകളുടെ കാഴ്ചപ്പാടിലൂടെ ലോകത്തെ കാണുന്ന സിനിമകൾ കൂടുതലുണ്ടാകണമെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
സ്ത്രീകൾ നേരിടുന്ന സാമ്പത്തിക, സാമൂഹിക പ്രതിബന്ധങ്ങളെ പറ്റിയും അവർക്ക് സിനിമാമേഖലയിൽ സുസ്ഥിരമായ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കേണ്ടതിന്റെ ആവശ്യകതയെപ്പറ്റിയും ചർച്ചകൾ നീണ്ടു. ശക്തമായ സ്ത്രീകഥാപാത്രങ്ങളെ സൃഷ്ടിക്കാൻ സ്ത്രീകൾതന്നെ മുന്നോട്ട് വരണമെന്നും പാനൽ ചർച്ച ഓർമപ്പെടുത്തി.
