തമിഴ്‌നാട് ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം. അപകടത്തിൽ ഏഴു പേർ മരിച്ചു. 20 പേർക്ക് പരിക്ക്.
ഇന്ന് രാത്രി ഒമ്പതരയോടെയാണ് അപകടമുണ്ടായത്. ദിണ്ടിഗൽ- തിരുച്ചിറപ്പള്ളി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലാണ് തീപിടിത്തമുണ്ടായത്. മരിച്ച ഏഴു പേരിൽ മൂന്നു വയസുള്ള ആൺകുട്ടിയും ഉണ്ട്. ആറ് രോഗികൾ ലിഫ്റ്റിൽ കുടുങ്ങിയതായും റിപ്പോർട്ടുണ്ട്.
സ്ഥലത്തേക്ക് കൂടുതൽ ഫയർഫോഴ്സും ആംബുലൻസുകളും എത്തിച്ചിട്ടുണ്ട്. തീ നിയന്ത്രണ വിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. വലിയ രീതിയിലാണ് തീ ഉയരുന്നത്. 100ലധികം രോഗികൾക്ക് കിടത്തി ചികിത്സക്ക് സൗകര്യമുള്ള ആശുപത്രിയിലാണ് സംഭവം. തീപിടിത്തമുണ്ടായപ്പോൾ നിരവധി പേരാണ് ആശുപത്രിയിലുണ്ടായിരുന്നത്. ആശുപത്രിയിൽ ഉണ്ടായിരുന്നവരെ പുറത്തെത്തിക്കാനുള്ള ശ്രമവും തുടരുകയാണ്. 50ലധികം ആംബുലൻസുകളിലാണ് മറ്റുള്ള ആശുപത്രികളിൽ രോഗികളെ എത്തിക്കുന്നത്.
നാലു നിലകളിലുള്ള ആശുപത്രിയിലെ താഴത്തെ നിലയിലാണ് ആദ്യം തീ പിടിച്ചത്. തീ പടരാനുള്ള കാരണം വ്യക്തമല്ല. താഴത്തെ നിലയിൽ നിന്ന് തീയും പുകയും മുകളിലേക്ക് ഉയരുകയായിരുന്നു. ചില രോഗികളെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച ഏഴുപേരിൽ മൂന്നു പേർ സ്ത്രീകളാണ്. അപകടത്തിൽ 20 പേർക്ക് പൊള്ളലേറ്റതായാണ് വിവരം.
