മടിക്കേരി: എട്ടു കോടിരൂപ തട്ടിയെടുക്കാൻ 54കാരനെ കൊന്ന് കത്തിച്ച കേസിൽ സിനിമ കഥകളെ വെല്ലുന്ന രീതിയിലാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്.
പ്രതികളെ പിടിക്കാൻ പൊലീസ് പരിശോധിച്ചത് 500 സി.സി.ടി.വി കാമറ ദൃശ്യങ്ങളാണ്. തെലങ്കാനയിൽ നിന്നുള്ള 54കാരനായ വ്യവസായി രമേശ് കുമാറിനെയാണ് ഭാര്യ നിഹാരികയും കാമുകൻ നിഖിലും കൂട്ടാളി അങ്കുറും ചേർന്ന് കൊന്ന് കത്തിച്ചത്. ഹൈദരാബാദിൽ വെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതികൾ മൃതദേഹവുമായി 800 കിലലോമീറ്റർ കാറോടിച്ച് കുടകിലെത്തുകയായിരുന്നു. കുടക് എസ്.പി കെ. രാമരാജന്റെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം
16 പൊലീസുദ്യോഗസ്ഥർ നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞ് ഊർജിത അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രാഥമിക സൂചനകൾ ലഭിക്കാത്തതിനാൽ പൊലീസ് ചുറ്റുമുള്ള പ്രദേശത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കുകയും സംശയാസ്പദമായ ചുവന്ന മെഴ്സിഡസ് ബെൻസ് കാർ ശ്രദ്ധിക്കുകയും ചെയ്തു.
കുടകിൽ നിന്ന് ഹൈദരാബാദിൽ എത്തുവോളമുള്ള പ്രധാന പാതയിലെ 500ലധികം ക ക്യാമറകളിൽ നിന്നുള്ള സി.സി.ടി.വി ദൃശ്യങ്ങൾ സംഘം വിശകലനം ചെയ്തു.
ഒരു ചുവന്ന മെഴ്സിഡസ് കാർ കുടകിൽനിന്ന് തെലങ്കാനയിലേക്ക് തിരികെ പോയതായി കണ്ടെത്തുകയും അത് രമേശിന്റെതാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. ഈ തെളിവുകളും നിഹാരികയുടെ കുറ്റസമ്മതവും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്യാൻ സാധിച്ചത്.
