കൊച്ചി:നടൻ ജയസൂര്യയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട സേവ് ബോക്സ് ലേല ആപ്പിന്റെ പരസ്യത്തിനായി സ്വാതിക് റഹീം ഒഴുക്കിയത് ലക്ഷങ്ങൾ. ആപ്പ് പ്രൊമോട്ട് ചെയ്യുന്നതിനായി മലയാള ചലച്ചിത്ര താരങ്ങളെ ഉൾപ്പെടുത്തിയുള്ള പരസ്യ ചിത്രങ്ങളും പുറത്തിറങ്ങിയിരുന്നു. ആപ്പിന്റെ ബ്രാൻഡ് അംബാസഡറായിരുന്ന ജയസൂര്യക്ക് ഇതിനു പിന്നിലുള്ള തട്ടിപ്പുകളെ കുറിച്ച് അറിയാമായിരുന്നോ എന്ന കാര്യമാണ് ഇ.ഡി പരിശോധിക്കുന്നത്. ഇതിനിടെ ആപ്പിന്റെ സ്ഥാപകൻ തൃശൂർ വിയ്യൂർ സ്വദേശി സ്വാതിക് റഹീമിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളും പുറത്തു വന്നു.
ആപ്പിന്റെ ബ്രാൻഡ് അംബാസഡർ എന്ന നിലയിൽ ജയസൂര്യ കൈപ്പറ്റിയ പ്രതിഫലം സംബന്ധിച്ചാണ് ഇ.ഡിയുടെ അന്വേഷണം. തട്ടിപ്പിലൂടെ ഉണ്ടാക്കിയ പണമാണ് ഇതെന്ന് തെളിഞ്ഞാൽ കണ്ടുകെട്ടൽ നടപടികളും ഇ.ഡി സ്വീകരിക്കും. രണ്ടു തവണ ചോദ്യം ചെയ്ത ജയസൂര്യയോട് ജനുവരി ഏഴിന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടിട്ടുണ്ട്. സേവ് ബോക്സ് ആപ്പിൽനിന്ന് ജയസൂര്യക്ക് ലഭിച്ച പണമിടപാടുകളുടെ പൂർണമായ രേഖകൾ ഹാജരാക്കാനാണ് ഇ.ഡി ആവശ്യപ്പെട്ടിരിക്കുന്നത്. നൂറുകണക്കിന് നിക്ഷേപകരെ വഞ്ചിച്ച് കോടികളാണ് സേവ് ബോക്സുമായി ബന്ധപ്പെട്ട് സ്വാതിക് റഹീം സമ്പാദിച്ചതെന്നാണ് അന്വേഷകർ കരുതുന്നത്. ഒരു ലക്ഷം മുതൽ ഒരു കോടി രൂപ വരെ നഷ്ടപ്പെട്ടവരുണ്ട്. തൃശൂർ സ്വദേശിയുടെ പരാതിയിൽ സ്വാതിക് റഹീമിനെ 2023ൽ തൃശൂർ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഇതിലെ പണമൊഴുക്കിൽ ഇഡിയുടെ കണ്ണെത്തുന്നത്. ഈ പരിശോധനയിലാണ് ജയസൂര്യയ്ക്കും സേവ് ബോക്സിൽ നിന്ന് പണം ലഭിച്ചതായി മനസിലാകുന്നതും ചോദ്യം ചെയ്യലിന് വിളിപ്പിക്കുന്നതും. കഴിഞ്ഞ ചോദ്യം ചെയ്യലിൽ ജയസൂര്യക്കൊപ്പം ഭാര്യ സരിതയും ഇ.ഡി ഓഫിസിലെത്തിയിരുന്നു.
ലേലത്തിൽ പങ്കെടുക്കാൻ വേണം കോയിൻ
സേവ് ബോക്സ് ആപ്പുമായി ബന്ധപ്പെട്ട തട്ടിപ്പുകളെ കുറിച്ച് നാലു വർഷം മുൻപുള്ള ചർച്ചകൾ വരെ ഇന്റർനെറ്റിൽ ലഭ്യമാണ്. സാത്വിക് റഹീമിനെക്കുറിച്ചും ഒട്ടേറെ പേർ അഭിപ്രായം പങ്കുവച്ചിരുന്നു. ഫോണും ലാപ്ടോപ്പും അടുക്കള ഉപകരണങ്ങളുമെല്ലാം ആപ്പിലൂടെ ലേലത്തിൽ വയ്ക്കുന്നതാണ് ഇതിന്റെ രീതി. ലേലത്തിൽ പങ്കെടുക്കണമെങ്കിൽ ആദ്യം പണം നൽകി കോയിൻ സ്വന്തമാക്കണം. തുടർന്ന് ആപ്പിൽ കാണിക്കുന്ന ഓരോ ഉൽപന്നവും ഒരു രൂപ മുതൽ ലേലം വിളിച്ചു തുടങ്ങാം. ഉറപ്പിക്കുന്ന പണത്തിന് ഉപകരണം സ്വന്തമാക്കുകയും ചെയ്യാം. ഇതിൽ കോയിൻ വാങ്ങാനായി നൽകുന്ന പണം മറ്റുള്ളവർക്ക് നഷ്ടപ്പെടുകയും അത് കമ്പനിക്ക് ലഭിക്കുകയും ചെയ്യും. ഇന്ത്യയിലെ ആദ്യ ലേല ആപ്പ് എന്നു പറഞ്ഞാണ് സ്വാതിക് റഹീം ഇത് പരിചയപ്പെടുത്തിയത്. ബ്രാൻഡ് അംബാസഡറായി ജയസൂര്യ എത്തിയതോടെ ഇത് കൂടുതൽ പേരിലേക്ക് എത്തുകയും ചെയ്തു. ഇതിനു പുറമേയാണ് ലാപ്ടോപ്പും ഫോണുമൊക്കെ ലഭിക്കുന്ന പരസ്യങ്ങൾ മലയാള ചലച്ചിത്ര താരങ്ങളെ ഉൾപ്പെടുത്തി പുറത്തിറങ്ങിയത്. അവയൊക്കെ ഇപ്പോഴും യുട്യൂബിൽ ലഭ്യമാണ്.
ആപ്പിന്റെ സ്ഥാപകൻ എന്നതിനു പുറമേ സ്റ്റാർട്ട്അപ്പ് മെന്റർ, മോട്ടിവേഷനൽ സ്പീക്കർ, നിക്ഷേപകൻ എന്നിങ്ങനെ വിവിധ റോളുകളായിരുന്നു സ്വാതിക് റഹീമിന്. സംസ്ഥാനത്തെ ചില ബിസിനസ് സ്കൂളുകൾ ആപ്പിന്റെ സ്ഥാപകനെന്ന നിലയിൽ വിദ്യാർഥികൾക്ക് പ്രചോദനം നൽകാനായി സ്വാതിക് റഹീമിനെ പ്രഭാഷണത്തിനു വരെ വിളിച്ചിരുന്നു. ചില ഫുട്ബോൾ ക്ലബുകളുമായും സ്വാതിക് റഹീം കരാറുകൾ ഉണ്ടാക്കി. സേവ് ബോക്സ് കൺസെപ്റ്റ്സ്, സേവ് ബോക്സ് എന്റർടെയ്ൻമെന്റ്, ത്രിഫ്റ്റി ഇൻകുബേഷൻ, ഫണ്ടമെന്റൽ ട്രേഡിങ് പ്രൈ ലിമിറ്റഡ്, സേവ് ബോക്സ് എക്സ്പ്രസ് തുടങ്ങി ഒട്ടേറെ കമ്പനികൾ സ്വാതിക് റഹീം സ്ഥാപിച്ചിരുന്നു. എന്നാൽ ഇതെല്ലാം ആളുകളിൽ നിന്ന് പണം തട്ടിയെടുക്കാനുള്ള വിവിധ വഴികളായിരുന്നു എന്നതാണ് പിന്നീട് പുറത്തു വന്ന കാര്യം.
