കൊല്‍ക്കത്ത വനിതാ ഡോക്ടറുടെ കൊലപാതകം ; ആര്‍.ജി കര്‍ ആശുപത്രിയിലെ ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം അവസാനിപ്പിച്ചു

കൊല്‍ക്കത്ത: പി.ജി ഡോക്ടർ ക്രൂര ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊല്‍ക്കത്തയിലെ ആർ.ജി കർ സർക്കാർ മെഡിക്കല്‍ കോളജിലടക്കം ജൂനിയർ ഡോക്ടർമാർ നടത്തിവന്ന സമരം അവസാനിപ്പിച്ചു.

പ്രധാനമായും സുരക്ഷ വർധിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് ജൂനിയർ ഡോക്ടർമാർ സമരത്തിനിറങ്ങിയത്.

ആർ.ജി കർ ആശുപത്രിയിലെ ജൂനിയർ ഡോക്ടർമാർ സമരം പിൻവലിച്ചെങ്കിലും നിരാഹാര സമരം തുടരുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. നിർഭയമായി ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കണമെന്നും അതുകഴിഞ്ഞാല്‍ മാത്രമേ തങ്ങള്‍ പൂർണമായും ജോലിയിലേക്ക് മടങ്ങൂവെന്നും ഡോക്ടർമാർ അറിയിച്ചു.

ജുഡീഷ്യല്‍ നടപടികളില്‍ കാലതാമസം കൂടാതെ അടിയന്തര നീതി ലഭ്യമാക്കുക, കഴിവുകേടും അഴിമതിയും കാരണം ആരോഗ്യ സെക്രട്ടറിയെ നീക്കം ചെയ്യുക, എല്ലാ ആശുപത്രികളിലും മെഡിക്കല്‍ കോളേജുകളിലും കേന്ദ്രീകൃത റഫറല്‍ സംവിധാനം നടപ്പാക്കുക എന്നിവയാണ് ജൂനിയർ ഡോക്ടർമാരുടെ ആവശ്യങ്ങള്‍. ഡിജിറ്റല്‍ ബെഡ് വേക്കൻസി മോണിറ്ററുകള്‍ സ്ഥാപിക്കുക, ഓരോ ആശുപത്രിയിലും ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കുക, സി.സി.ടി.വി, ഓണ്‍-കോള്‍ റൂമുകള്‍, ബാത്ത്‌റൂം തുടങ്ങിയ അവശ്യ സൗകര്യങ്ങളുടെ മേല്‍നോട്ടം വഹിക്കാൻ ജൂനിയർ ഡോക്ടർമാരെ നിയമിക്കണമെന്നും ഡോക്ടർമാർ ആവശ്യപ്പെട്ടിട്ടുണ്ട്.

ആശുപത്രികളില്‍ പോലീസ് സംരക്ഷണം വർധിപ്പിക്കുക, സ്ഥിരം വനിതാ പോലീസുകാരെ നിയമിക്കുക, ഡോക്ടർമാർ, നഴ്‌സുമാർ, ആരോഗ്യ പ്രവർത്തകർ എന്നിവരുടെ ഒഴിവുകള്‍ ഉടൻ നികത്തുക എന്നിവയാണ് ഡോക്ടർമാരുടെ മറ്റ് ആവശ്യങ്ങള്‍.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!