ഇന്ത്യൻ വ്യോമസേന ലിംക ബുക്ക് ഓഫ് റെക്കോർഡ് നേടാൻ ഒരുങ്ങുകയാണ്. ഇന്ത്യൻ എയർഫോഴ്‌സിന്റെ 92-ാമത് എയർഫോഴസ് ദിനത്തോടൊത്ത് ഒക്ടോബർ 6-ന് മറീന ബീച്ചിൽ ഒരു ചരിത്ര നിമിഷം നടക്കാനിരിക്കുകയാണ്. 22 വിഭാഗങ്ങളിൽ നിന്നുള്ള 72 വിമാനങ്ങൾ പങ്കെടുക്കുന്ന ഗ്രാൻഡ് ഫ്‌ളൈപാസ്റ്റ് നടത്താൻ ഇന്ത്യൻ വ്യോമസേന ഉദ്ദേശിക്കുന്നു.
ഈ എയർഫോഴസ് ദിനത്തിന്റെ തീം “ഭാരതീയ വായുസേന: സക്ഷം, സശക്ത് ഔർ ആത്മനിർഭർ”എന്നതാണ്. ആരോഹെഡ്, ത്രിശൂല്‍, രുദ്ര തുടങ്ങിയ രൂപങ്ങള്‍ ആകാശത്ത് സൃഷ്ടിക്കുന്ന എയർഫോഴ്സിൻ്റെ ഐതിഹാസിക പ്രകടനങ്ങള്‍ക്കും ഐഎഎഫിൻ്റെ സൂര്യ കിരണ്‍, സാരംഗ് ടീമുകളുടെ ആവേശകരമായ എയറോബാറ്റിക്‌സിനും ഒക്ടോബർ ആറിന് ചെന്നൈ സാക്ഷ്യം വഹിക്കും.
മറീന ബീച്ചിലെ ഫ്ലൈപാസ്റ്റില്‍ എസ് യൂ-30, എംഐജി-29, ജാഗ്വാർസ് തുടങ്ങിയ യുദ്ധവിമാനങ്ങളും ലൈറ്റ് കോംബാറ്റ് ഹെലികോപ്റ്റർ , അഡ്വാൻസ്ഡ് ലൈറ്റ് ഹെലികോപ്റ്റർ (ALH) എംകെ4 തുടങ്ങിയ ഹെലികോപ്റ്ററുകളും പങ്കെടുക്കും. നാവികസേനയുടെ P8I, വിൻ്റേജ് ഡക്കോട്ട എന്നിവയും ഈ ആകാശ കാഴ്ച്ചയില്‍ വിസ്മയം തീർക്കും.
രണ്ട് മണിക്കൂർ നീണ്ടുനിൽക്കുന്ന പരിപാടിയാണ് നടക്കുക. സാഗർ, ആകാശ്, ധ്വജ് തുടങ്ങിയ എയർ ഡ്രില്ലുകൾ കാണികളെ വിസ്മയിപ്പിക്കും. രാജ്യത്തിന്റെ വ്യോമ പ്രതിരോധ ശേഷികൾ പ്രദർശിപ്പിക്കുന്നതിനൊപ്പം, ദേശീയ സുരക്ഷയ്ക്കും ഊന്നൽ നൽകുകയാണ് ഐഎഎഫ്. ഇതിന് പുറമേ, ഞായറാഴ്ച ലിംക റെക്കോർഡിൽ ഇടം നേടുന്നത് ഐഎഎഫിന് ഒരു പൊൻതൂവലായി മാറുമെന്നാണ് ഉറപ്പ്.
