കുവൈത്ത് സിറ്റി: രാജ്യത്തെ സ്വകാര്യ മേഖലാ തൊഴിലാളികൾക്കായി പുതിയ ഡിജിറ്റൽ സംവിധാനം ഒരുക്കുന്നതായി ‘അറബ് ടൈംസ്’ റിപ്പോർട്ട് ചെയ്തു. ഇത് തൊഴിലാളികൾക്ക് അവരുടെ ജോലിയുമായി ബന്ധപ്പെട്ട പരാതികൾ ഓൺലൈനായി ഫയൽ ചെയ്യാനും ട്രാക്ക് ചെയ്യാനും, മറ്റ് കാര്യങ്ങൾ കൈകാര്യം ചെയ്യാനും സഹായകമാകും.
പബ്ലിക് അതോറിറ്റി ഫോർ മാൻപവർ ലേബർ പ്രൊട്ടക്ഷൻ സെക്ടറാണ് ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പുമായി ചേർന്ന് ഈ പുതിയ സൗകര്യം ഒരുക്കുന്നത്. തൊഴിലാളികളുടെ അവകാശ സംരക്ഷണം ഉറപ്പാക്കുന്നതും, തൊഴിലുടമകളുടെ ബാധ്യതകൾ ഉറപ്പാക്കുന്നതും ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് പറയുന്നു.
ഇലക്‌ട്രോണിക് സേവനങ്ങൾ വഴി തൊഴിലാളികൾക്ക് അവരുടെ തൊഴിൽ രേഖകളുടെ പകർപ്പുകൾ എടുക്കാനും, തൊഴിൽ തർക്കങ്ങളും വർക്ക് പെർമിറ്റ് സംബന്ധിച്ച പരാതികളും ഫയൽ ചെയ്യാനും, പുരോഗതി ട്രാക്ക് ചെയ്യാനും കഴിയും.
തൊഴിലുടമകൾക്കായി രൂപകൽപന ചെയ്ത ‘ലേബർ സർവിസ്’ പോർട്ടലിലൂടെ, തൊഴിലാളികളുടെ മിസ്സിങ് റിപ്പോർട്ടുകൾ ഫയൽ ചെയ്യാനും, പരാതി പുരോഗതി നിരീക്ഷിക്കാനും കഴിയും. ഈ സംവരണത്തിലുള്ള വിവരങ്ങൾ, നടപടികൾ എന്നിവ അതോറിറ്റിയുടെ രജിസ്റ്റർ ചെയ്ത ഫോൺ നമ്പറുകൾ വഴി അറിയിക്കുന്ന സംവിധാനം ഉണ്ടായിരിക്കും. സേവനങ്ങൾ സഹലിന്റെ ആപ്പിലൂടെ ലഭ്യമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.
