സംസ്ഥാനത്ത് ഇന്ന് മുതല്‍ വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വടക്കൻ ജില്ലകളായ കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് എന്നിവിടങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
മറ്റ് ജില്ലകളില്‍ അലർട്ടുകള്‍ ഇല്ലാത്തിരുന്നാലും ചിലയിടങ്ങളില്‍ ശക്തമായ മഴയ്ക്കോ നേരിയ മഴയ്ക്കോ സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. കൂടാതെ, ഇടിമിന്നലോട് കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിനും സാധ്യതയുണ്ട്. മോശം കാലാവസ്ഥയെ തുടര്‍ന്ന് കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളില്‍ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.
മഹാരാഷ്ട്ര തീരം മുതല്‍ കേരളത്തിന്റെ വടക്കന്‍ തീരം വരെയുള്ള ന്യൂനമര്‍ദ പാത്തിയും, പശ്ചിമ ബംഗാളും വടക്ക് കിഴക്കന്‍ ജാര്‍ഖണ്ഡും മുകളിലായി മറ്റൊരു ന്യൂനമര്‍ദവും, ബംഗാള്‍ ഉള്‍ക്കടലിലെ ചക്രവാതച്ചുഴിയും കേരളത്തിലെ മഴ ശക്തമാക്കുന്നതിന് കാരണമാകുന്നു. 24 മണിക്കൂറില്‍ 64.5 മില്ലിമീറ്റര്‍ മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കുമെന്നാണ് പ്രവചനം.
