ശ്രീനഗർ: ജമ്മു കശ്മീരിലെ കുല്‍ഗാം ജില്ലയില്‍ മേഘവിസ്ഫോടനം സംഭവിച്ച് ഒരാൾ മരണപ്പെടുകയും മൂന്നു പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇന്ന് പുലർച്ചെയായിരുന്നു കുല്‍ഗാം ജില്ലയിലെ ദംഹല്‍ ഹൻജിപോറ പ്രദേശത്ത് ഈ ദുരന്തം ഉണ്ടായത്.
മേഘവിസ്ഫോടനത്തെ തുടര്‍ന്ന് പ്രദേശത്ത് തിരച്ചിലുകളും രക്ഷാപ്രവർത്തനങ്ങളും ഉടൻ ആരംഭിച്ചു. മരിച്ചയാളുടെ പേരും തിരിച്ചറിഞ്ഞിട്ടുണ്ട് – മുഖ്താർ അഹമ്മദ്. പരിക്കേറ്റ മൂന്ന് പേരെ ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റി. പ്രദേശത്ത് ആരെങ്കിലും കുടുങ്ങിക്കിടക്കുന്നുണ്ടോ എന്ന് കണ്ടെത്താൻ തിരച്ചിൽ തുടരുകയാണ്.
ഈ മാസം ആദ്യം ജമ്മു കശ്മീരിലെ ഗന്ദർബാൽ ജില്ലയിലും മേഘവിസ്ഫോടനം ഉണ്ടായിരുന്നുവെന്ന് ഓർക്കാം. അന്നത്തെ പ്രളയം റോഡുകൾക്ക് വലിയ നാശം വരുത്തുകയും 190-ലധികം റോഡുകൾ അടയ്ക്കേണ്ട സാഹചര്യം സൃഷ്ടിക്കുകയും ചെയ്തു. ശ്രീനഗർ-ലേ ദേശീയ പാതയടക്കമുള്ള പ്രധാന മാർഗങ്ങൾ തടസ്സപ്പെട്ടു, 294 ട്രാൻസ്‌ഫോർമറുകളും 124 ജലവിതരണ സംവിധാനങ്ങളും തകർന്നു.
