ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെൻഡുൽക്കർ, ഒളിംപിക്സിൽ വെങ്കലം നേടിയ പിആർ ശ്രീജേഷിനെ മലയാളത്തിൽ അഭിനന്ദിച്ച്, “അടിപൊളി” എന്ന് തുടങ്ങുന്ന ഒരു കുറിപ്പ് പങ്കുവച്ചു. സച്ചിൻ ശ്രീജേഷിനെ ഇന്ത്യൻ ഹോക്കിയുടെ ഭാഗ്യമായി വിശേഷിപ്പിച്ചു.
“അടിപൊളി പി ആർ ശ്രീജേഷ്… നിങ്ങൾ വർഷങ്ങളായി പൂർണ്ണ ഹൃദയത്തോടെ ഗോൾപോസ്റ്റിനു മുന്നിൽ നിലകൊണ്ടു. ഹോക്കിയോടുള്ള നിങ്ങളുടെ സമർപ്പണവും പ്രതിബദ്ധതയും ആവേശവും അതുല്യമാണ്. ഈ ഒളിംപിക്സിൽ ഗ്രേറ്റ് ബ്രിട്ടനെതിരായ മത്സരത്തെ മറക്കാൻ കഴിയില്ല. 10 പേരുമായി 42 മിനിറ്റ് കളിച്ചപ്പോൾ, നിങ്ങളുടെ പ്രകടനം അപാരമായിരുന്നു. ഇന്ത്യൻ ഹോക്കിക്ക് നിങ്ങളുടെ സാന്നിധ്യം വലിയ നേട്ടം ഉണ്ടാക്കിയിരിക്കുന്നു. നിങ്ങളുടെ ത്യാഗങ്ങൾക്ക് നന്ദി. നിങ്ങളുടെ ജീവിതത്തിന്റെയും കരിയറിന്റെയും രണ്ടാം പകുതിക്ക് ആശംസകൾ നേരുന്നു,” സച്ചിൻ കുറിച്ചു.
ശ്രീജേഷ് നേരത്തെ പാരീസ് ഒളിമ്പിക്സിന് ശേഷം വിരമിക്കുമെന്ന് വ്യക്തമാക്കിയിരുന്നു. ഇന്ത്യൻ ടീമിന് പാരീസ് ഒളിമ്പിക്സിൽ വെങ്കലം നേടാനായതോടെ, ശ്രീജേഷ് മെഡൽ തിളക്കത്തിൽ കളിക്കളത്തിൽ നിന്നും മടങ്ങി. 335-ആം മത്സരമായിരുന്നു ഇന്ത്യൻ ജേഴ്‌സിയിൽ ശ്രീജേഷ് കളിച്ചത്.
