ആദ്യ വന്ദേ മെട്രോ കേരളത്തിലെ ട്രാക്കില്‍? പ്രതീക്ഷയോടെ യാത്രക്കാര്‍, പരീക്ഷണ ഓട്ടം ചെന്നൈയില്‍

ചെന്നൈ: സാധാരണക്കാരായ ട്രെയിൻ യാത്രക്കാർക്ക് കൂടുതൽ പ്രതീക്ഷ നല്‍കുന്ന വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം ഇന്ന് നടക്കും.

ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയില്‍ നിന്നും പുറത്തിറങ്ങുന്ന വന്ദേ മെട്രോ ചെന്നൈ-കാട്പാടി റൂട്ടിലാണ് പരീക്ഷണ ഓട്ടം നടത്തുന്നത്. 12 കോച്ചുകളുള്ള വന്ദേ മെട്രോയുടെ പരീക്ഷണ ഓട്ടം കേരളവും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്. യാത്രാക്ലേശം രൂക്ഷമാകുന്ന കേരളത്തിലെ ഏതൊക്കെ റൂട്ടുകളില്‍ വന്ദേ മെട്രോ സർവീസ് നടത്തുമെന്നാണ് സംസ്ഥാനത്തെ യാത്രക്കാർ ഉറ്റുനോക്കുന്നത്.

ചെന്നൈ-കാട്പാടി റൂട്ടില്‍ 130 കിലോമീറ്റർ വേഗതയിലാണ് ഇന്ന് പരീക്ഷണം നടക്കുക. അതിന് ശേഷമായിരിക്കും ഏത് സോണിലേക്കായിരിക്കുമെന്ന് പ്രഖ്യാപിക്കുക. നേരത്തെ രാജസ്ഥാൻ കോട്ടയിൽ വച്ച് 180 കിലോമീറ്റർ വേഗത്തിൽ വന്ദേ മെട്രോയുടെ കവച് സംവിധാനം ഉൾപ്പടെ പരീക്ഷിച്ച് വിജയിച്ചിരുന്നു.

നിലവിൽ മെമു സർവീസ് നടത്തുന്ന റൂട്ടിലാണ് വന്ദേ മെട്രോയെ പരിഗണിക്കുക. വ്യത്യസ്തമായ ഡിസൈനിലാണ് വന്ദേ മെട്രോയുടെ കോച്ചുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒരു കോച്ചിൽ നൂറ് പേർക്ക് ഇരിക്കാനും 200 പേർക്ക് നില്‍ക്കാനും സാധിക്കും. ശീതീകരിച്ച കോച്ചുകളാണ് വന്ദേ മെട്രോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

കേരളത്തിന്റെ പ്രതീക്ഷ

ട്രെയിൻ യാത്രക്കാർ ഏറ്റവും കൂടുതലായി ബുദ്ധിമുട്ട് അനുഭവിക്കുന്ന സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. കൂടുതൽ തിരക്കുള്ള മലബാർ മേഖലയില്‍ അടക്കം വന്ദേ മെട്രോ സർവീസ് നടത്തുമെന്നാണ് യാത്രക്കാർ പ്രതീക്ഷിക്കുന്നത്. എറണാകുളം-കോഴിക്കോട്, കോഴിക്കോട്-മംഗളൂരു, തിരുവനന്തപുരം-എറണാകുളം ഉൾപ്പെടെയുള്ള റൂട്ടുകളാണ് പരിഗണനയിലുള്ളത്. ഓഫീസ് സമയങ്ങളില്‍ വന്ദേ മെട്രോ സർവീസ് നടത്തിയാൽ പരശുരാം എക്സ്പ്രസ് പോലുള്ള ട്രെയിനുകളിൽ അനുഭവപ്പെടുന്ന തിരക്ക് കുറയ്ക്കാൻ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!