കൽപ്പറ്റ: വയനാട്ടിൽ പ്രകൃതി ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാൻ സാധിക്കാത്തവരുടെ ഭൗതികശരീരങ്ങൾ ജില്ലയിലെ പൊതുശ്മശാനങ്ങളിൽ സംസ്‌കരിക്കും.
കൽപ്പറ്റ നഗരസഭ, വൈത്തിരി, മുട്ടിൽ, കണിയാമ്പറ്റ, പടിഞ്ഞാറത്തറ, തൊണ്ടർനാട്, എടവക, മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകളിലാണ് സംസ്‌ക്കാരത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
തിരിച്ചറിയാൻ കഴിയാത്ത 74 മൃതശരീരങ്ങളാണ് മേപ്പാടി ഗ്രാമപഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ സൂക്ഷിച്ചിട്ടുള്ളത്. മൃതദേഹങ്ങൾ ബന്ധപ്പെട്ട തദ്ദേശസ്ഥാപന സെക്രട്ടറിമാർക്ക് കൈമാറി സംസ്‌ക്കാര നടപടികൾ പൂർത്തിയാക്കും. മൃതശരീരങ്ങളുടെ സൂക്ഷിപ്പ്, കൈമാറ്റം, സംസ്‌ക്കാരം എന്നിവയ്ക്ക് രജിസ്ട്രേഷൻ വകുപ്പ് ഐ.ജി ശ്രീധന്യ സുരേഷിനെ നോഡൽ ഓഫീസറായി ചുമതലപ്പെടുത്തിയിട്ടുണ്ട്.
ഉരുള്‍പ്പൊട്ടലിൽ മരണം 300 കടന്നു. നാലാം ദിവസം 9 മൃതദേഹവും 5 ശരീരഭാഗങ്ങളുമാണ് കണ്ടെത്തിയത്. 107 മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. 116 മൃതദേഹം നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറി. 130 ശരീരഭാഗങ്ങളുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചു. ഔദ്യോഗിക കണക്കനുസരിച്ച് 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 86 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. ജില്ലയിൽ 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്. മേപ്പാടിയിൽ മാത്രം 10 ക്യാമ്പുകളിലുള്ളത് 1729 പേരുണ്ട്. 29 കുട്ടികളെ കാണാതെയായിട്ടുണ്ട്.
