ഹമാസ് തലവൻ ഇസ്മായിൽ ഹനിയയുടെ വധത്തിന് ഇസ്രായേലിനോട് പകരം ചോദിക്കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനി. ഇറാന്റെ മണ്ണിലാണ് ഹനിയയുടെ രക്തം വീണതെന്നും, പകരം ചോദിക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ഖൊമേനി വ്യക്തമാക്കി.
“ക്രിമിനൽ സയണിസ്റ്റ് ഭരണകൂടം ഞങ്ങളുടെ അതിഥിയെ ഞങ്ങളുടെ മണ്ണിൽ വെച്ച് കൊലപ്പെടുത്തി. ഈ നടപടി ശക്തമായ പ്രതികാരത്തിന് കളമൊരുക്കിയിരിക്കുകയാണ്,” എന്ന് ഖൊമേനി എക്‌സിൽ എഴുതിയ കുറിപ്പിൽ പറഞ്ഞു. ഹമാസ് നേതാവിനെ ഒരു ഭീരുവിനെ പോലെ കൊലപ്പെടുത്തിയ ഇസ്രായേൽ തങ്ങളുടെ നടപടിയോര്‍ത്ത് ഇനി ഖേദിക്കുമെന്ന് ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു. ഹനിയയെ ധീരനായ നേതാവാണ് അദ്ദേഹം വിശേഷിപ്പിച്ചത്.
പെസെഷ്‌കിയാന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഹനിയയുടെ രക്തത്തിന് പകരം ചോദിക്കുമെന്ന് ഖൊമേനി പ്രഖ്യാപിച്ചത്. ഹമാസിന്റെ രാഷ്ട്രീയകാര്യ സമിതി തലവൻ ആയിരുന്നു ഇസ്മായിൽ ഹനിയ. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഇറാൻ പ്രസിഡന്റ് ഡോ. മസൂദ് പെസെഷ്‌കിയാന്റെ സ്ഥാനാരോഹണ ചടങ്ങിൽ പങ്കെടുക്കാനാണ് ഹനിയ ടെഹ്‌റാനിലെത്തിയത്. ചൊവ്വാഴ്ച നടന്ന സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് ഇരുവരും കൂടിക്കാഴ്ച നടത്തിയിരുന്നു. കൂടാതെ ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല ഖൊമേനിയുമായും ഹനിയ കൂടിക്കാഴ്ച നടത്തിയിരുന്നു.
ഹനിയ താമസിച്ചിരുന്ന വീടിന് നേരെയുണ്ടായ ആക്രമണത്തിൽ, അദ്ദേഹത്തിന്റെ അംഗരക്ഷകനും കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ട്. ഖത്തറിലാണ് ഹനിയ ഹമാസിന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്. 2006-ൽ ഫലസ്തീൻ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1989-ൽ ഇസ്രായേൽ ഹനിയയെ ജയിലിലടച്ചിരുന്നുവെങ്കിലും മൂന്ന് വർഷത്തിന് ശേഷം മോചിപ്പിച്ചു. ബുധനാഴ്ച രാവിലെയാണ് ഹനിയ താമസിച്ച വീടിന് നേരെ ആക്രമണം നടന്നതെന്ന് ഇറാൻ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് വാർത്താക്കുറിപ്പിൽ അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
