ഡൽഹി : കോൺഗ്രസ് ഹൈക്കമാന്റിന്റെ നിർദ്ദേശാനുസരണം ഇന്നു രാവിലെ ഡൽഹിയിൽ എത്തിയ മുൻ കെപിസിസി പ്രസിഡന്റും എം പിയുമായ കെ സുധാകരൻ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുമായും അദ്ദേഹം ചർച്ച നടത്തി.

കേരളത്തിലെ ജനങ്ങള്‍ക്ക് വേണ്ടി ജീവിതം മുഴുവൻ പോരാടിയ നേതാവാണ് കെ സുധാകരനെന്നും യഥാർഥ കോണ്‍ഗ്രസ് പോരാളിയാണെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം രാഹുല്‍ ഗാന്ധി എക്സില് കുറിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ സുധാകരന്റെ പൂർണ സഹകരണം ഉറപ്പാക്കാനായിരുന്നു തിടുക്കത്തിലുള്ള കൂടിക്കാഴ്ച.കെ.സി. വേണുഗോപാലും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

നേരത്തെ സുധാകരനെ സ്റ്റാർ ക്യാംപെയ്നർ ആക്കിയത് ശ്രദ്ധേയമായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ യുഡിഎഫ് ഒറ്റക്കെട്ടാണെന്നും നൂറിലധികം സീറ്റ് നേടി വിജയിക്കുമെന്നും രാഹുല്‍ എക്സില് കുറിച്ചു.
സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് സുധാകരൻ പാർട്ടിയോട് ഇടഞ്ഞിരുന്നു. ഈ വിഷയത്തിൽ സ്ഥാനാർത്ഥി പട്ടിക പുറത്തു വരുന്നതിനു മുൻപ് മൂന്ന് ദിവസം ഡൽഹിയിൽ തന്നെ തുടർന്ന സുധാകരൻ ഒടുവിൽ എംപിമാർ മത്സരിക്കേണ്ടെന്ന ഹൈക്കമാന്റ് നിലപാട് അനുസരിച്ച് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും പിന്മാറുകയായിരുന്നു.
