കൊച്ചി : വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് സ്ഥാനാർഥികളെ മാധ്യമങ്ങള്‍ തീരുമാനിക്കണ്ടെന്നും ആർക്കും സീറ്റിന്റെ കാര്യത്തില്‍ ഉറപ്പു കൊടുത്തിട്ടില്ലെന്നും സതീശൻ വ്യക്തമാക്കി. പല ജില്ലകളിലും സ്ഥാനാർഥികളെ തീരുമാനിച്ചിട്ടില്ല. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാലുടൻ 50 സീറ്റില്‍ സ്ഥാനാർഥികളെ പ്രഖ്യാപിക്കാൻ കോണ്‍ഗ്രസ് തയാറാണെന്നും സതീശൻ പറഞ്ഞു.

കെ. സുധാകരൻ വിഷയത്തിലും സതീശൻ പ്രതികരിച്ചു. ഫെയ്സ്ബുക്ക് പോസ്റ്റ് കെ. സുധാകരനല്ല തയാറാക്കിയതെന്നാണ് തന്നോട് പറഞ്ഞതെന്ന് സതീശൻ പറഞ്ഞു. കണ്ണൂരുമായി അദ്ദേഹത്തിനുള്ള ബന്ധം പറയുന്ന ഫെയ്സ്ബുക്ക് പോസ്റ്റില്‍ ഒരു കുഴപ്പവുമില്ല. അതേസമയം, കെ. സുധാകരന്റെ നിലപാടില്‍ കണ്ണൂരിലെ ജില്ലാ നേതാക്കള്‍ അതൃപ്തിയിലാണ്. ജില്ലയിലെ സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുമെന്നാണ് നേതാക്കളുടെ ആശങ്ക. പ്രശ്നപരിഹാരം ആവശ്യപ്പെട്ട് ഇപ്പോൾ കെപിസിസിയെ സമീപിച്ചിരിക്കുകയാണ് നേതാക്കള്‍.

കഴിഞ്ഞ ദിവസമാണ് സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട് ഇടഞ്ഞ സുധാകരൻ ഡല്‍ഹിയില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയത്. ഇതിന് പിന്നാലെ വളരെ വൈകാരികമായ കുറിപ്പും ഫേസ്ബുക്കിൽ അദ്ദേഹം പങ്കുവെച്ചു.
