ടെഹ്റാൻ: ഇറാന്‍റെ പരമാധികാരത്തെ ബഹുമാനിക്കണമെന്ന് ചൈനയും റഷ്യയും ആവിശ്യപെട്ടു. ഇക്കാര്യം സംബന്ധിച്ച് ചൈനീസ് വിദേശകാര്യമന്ത്രി ഇറാൻ വിദേശകാര്യ മന്ത്രിയുമായി സംസാരിച്ചു. ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിൽ ചൈനയുടെ പിന്തുണ വാഗ്ദാനം ചെയ്തു. ഐക്യരാഷ്ട്ര സഭാ മേധാവിയും ഇറാൻ വിദേശകാര്യ മന്ത്രിയെ ഫോണിൽ വിളിച്ചു. രാജ്യത്തെ പ്രക്ഷോഭങ്ങളിൽ വിദേശ ശക്തികൾ ഇടപെട്ടത് മന്ത്രി അബ്ബാസ് ആരാഗ്ച്ചി ചർച്ചയിൽ ഉന്നയിച്ചു. റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനും സംഘർഷം ലഘൂകരിക്കാൻ ഇറാന് പിന്തുണ വാഗ്ദാനം ചെയ്തു.
അതിനിടെ ഇറാനിൽ സൈനിക നടപടിക്ക് ഒരുങ്ങിയ അമേരിക്ക അയഞ്ഞത് മേഖലയിൽ വലിയ ആശ്വാസമായി. ഇസ്രയേൽ അടക്കം രാജ്യങ്ങൾ ഇറാനെതിരായ സൈനിക നടപടിക്ക് ഇപ്പോൾ ഒരുങ്ങരുതെന്ന് നിർദ്ദേശിച്ചതോടെയാണ് ഡോണൾഡ് ട്രംപിന്റെ പിൻമാറ്റം.ഇറാനെ അമേരിക്ക ആക്രമിച്ചാൽ മിഡിൽ ഈസ്റ്റ് മേഖലയിൽ സംഘർഷം വ്യാപിക്കുമെന്ന ആശങ്ക നെതന്യാഹു പങ്കുവെച്ചു. ഇതോടൊപ്പം സൗദി, ഈജിപ്ത്, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങളും സൈനിക നടപടിയിൽ നിന്ന് പിന്തിരിയാൻ അമേരിക്കയോട് ആവശ്യപ്പെട്ടു. സൈനിക നടപടിക്ക് ശേഷവും ഇറാൻ സർക്കാരിനെ താഴെയിറക്കാൻ സാധിച്ചേക്കില്ലെന്നും ഡോണൾഡ് ട്രംപിന് അറബ് രാജ്യങ്ങൾ ഉപദേശം നൽകി.
