F 35-ന്റെ നിർമാണരഹസ്യം ചോരുമെന്ന് പേടി, വിമാനം നീക്കാൻ സമ്മതിക്കാതെ ബ്രിട്ടീഷ് സംഘം.

തിരുവനന്തപുരം: യന്ത്രത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ നിർത്തിയിട്ടിരിക്കുന്ന ബ്രിട്ടീഷ് നാവികസേനയുടെ എഫ്-35 യുദ്ധവിമാനം നന്നാക്കാൻ ഇംഗ്ളണ്ടിൽനിന്നു വിദഗ്ദ്ധരെത്തും. ബ്രിട്ടീഷ്-അമേരിക്കൻ സാങ്കേതികവിദഗ്ദ്ധരുടെ സംഘമാണ് തിരുവനന്തപുരത്ത് എത്തുന്നത്.

കഴിഞ്ഞ ദിവസം വിമാനത്തിന്റെ സങ്കേതികത്തകരാർ കണ്ടെത്തുന്നതിനായി ബ്രിട്ടണിൽനിന്ന് അഞ്ചുപേർ തിരുവനന്തപുരത്ത് എത്തിയിരുന്നു. നിലവിൽ ഇവിടെയുണ്ടായിരുന്ന പൈലറ്റ് ഫ്രെഡ്ഡിയും മറ്റ് രണ്ടു സാങ്കേതികവിദഗ്ദ്ധരും വെള്ളിയാഴ്ച ബ്രിട്ടണിലേക്കു മടങ്ങി. പുതുതായി എത്തിയ ബ്രിട്ടീഷ് ഉദ്യോഗസ്ഥർ യുദ്ധവിമാനത്തിന്റെ ചുമതലയേറ്റെടുത്തു. അടുത്ത ദിവസങ്ങളിൽ ഇവർ വിമാനത്തിൽ കൂടുതൽ പരിശോധനകൾ നടത്തും.

ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും 30 അംഗ വിദഗ്ദ്ധസംഘം തിരുവനന്തപുരത്തേക്ക് എത്തുക. എഫ്-35 പരിശോധിക്കാനും വിമാനത്തെ തിരികെ ബ്രിട്ടനിലേക്കു കൊണ്ടുപോകാനും പൂർണസജ്ജമായാണ് സംഘം വരുന്നത്. എഫ്-35 നിർമിച്ച അമേരിക്കൻ കമ്പനിയായ ലോക്ക്ഹീൽഡ് മാർട്ടിൻ കമ്പനിയുടെ സാങ്കേതികവിദഗ്ദ്ധരും ഇക്കൂട്ടത്തിലുണ്ടാകുമെന്നാണു സൂചന.

കഴിഞ്ഞ ആറു ദിവസമായി കനത്ത മഴയിൽ തുറന്ന സ്ഥലത്ത് എഫ്-35 നിർത്തിയിട്ടാണ് തകരാർ പരിഹരിക്കാൻ ശ്രമിച്ചത്. വിമാനം നന്നാക്കാനായി വിമാനത്താവളത്തോടു ചേർന്നുള്ള ഹാങ്ങർ യൂണിറ്റിലേക്കു മാറ്റാമെന്ന ഇന്ത്യൻ വ്യോമസേനയുടെ നിർദേശം ബ്രിട്ടീഷ് അധികൃതർ നിരസിച്ചു. അത്യാധുനിക സൈനികവിമാനമായ എഫ്-35 മറ്റൊരു രാജ്യത്തിന്റെ അധീനതയിലുള്ള അറ്റകുറ്റപ്പണി കേന്ദ്രത്തിലേക്കു മാറ്റേണ്ടതില്ല എന്നാണ് ബ്രട്ടീഷ് സംഘത്തിന്റെ തീരുമാനം.

മൺസൂൺ സാഹചര്യമായതിനാൽ പണികൾ നടത്തുന്നതിന് താത്കാലിക ഷെഡ്ഡുപോലുള്ള സംവിധാനമൊരുക്കാമെന്ന വ്യോമസേനയുടെ നിർദേശവും ബ്രിട്ടൺ നിരസിച്ചിട്ടുണ്ട്. എഫ് 35-ന്റെ നിർമാണ, പ്രവർത്തന രഹസ്യങ്ങൾ അൽപ്പംപോലും ചോർന്നുപോകരുതെന്ന മുൻകരുതലായിരിക്കാം ബ്രിട്ടീഷ് സംഘം നിർദേശങ്ങൾ നിരസിക്കാൻ കാരണമെന്നാണു സൂചന. വിമാനത്താവളത്തിന്റെ നാലാം നമ്പർ ബേയിൽ സിഐഎസ്എഫിന്റെ സുരക്ഷാവലയത്തിലാണ് എഫ്-35.

അറബിക്കടലിൽ സൈനികാഭ്യാസത്തിനെത്തിയ എച്ച്എംഎസ് പ്രിൻസ് ഓഫ് വെയിൽസ് എന്ന യുദ്ധക്കപ്പലിൽനിന്നു പറന്നുയർന്ന എഫ്-35, ഇന്ധനക്കുറവുണ്ടായതിനെ തുടർന്നാണ് കഴിഞ്ഞ ശനിയാഴ്ച രാത്രി തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറക്കിയത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!