‘വിപിൻ കുമാറിന്റെ പരാതി ഗൂഢാലോചനയുടെ ഭാഗം’; മുൻകൂർ ജാമ്യം തേടി ഉണ്ണി മുകുന്ദൻ കോടതിയിൽ.

കൊച്ചി: മർദിച്ചുവെന്ന മുൻമാനേജരുടെ പരാതിയിൽ കേസെടുത്തതിന് പിന്നാലെ മുൻകൂർ ജാമ്യാപേക്ഷയുമായി ഉണ്ണി മുകുന്ദൻ. പരാതി ഗൂഢാലോചനയുടെ ഭാഗമാണെന്ന് ഉണ്ണി മുകുന്ദൻ ഹർജിയിൽ ആരോപിച്ചു. എറണാകുളം സെഷൻസ് കോടതി ഹർജി ബുധനാഴ്ച പരിഗണിക്കും.

മുൻമാനേജരായ വിപിൻ കുമാറിന്റെ പരാതിയിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ഉണ്ണി മുകുന്ദനെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ വിശദമായ അന്വേഷണമുണ്ടാവുമെന്ന്  ഇൻഫോപാർക്ക് പോലീസ് അറിയിച്ചു. വിപിനെ ഉണ്ണി മുകുന്ദൻ കരണത്തടിച്ചുവെന്നും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പോലീസിന്റെ പ്രഥമവിവരറിപ്പോർട്ടിലുണ്ട്.

കഴിഞ്ഞദിവസമാണ് ഉണ്ണി മുകുന്ദനെതിരെ കോട്ടയം ചങ്ങനാശ്ശേരി സ്വദേശി വിപിൻ കുമാർ പോലീസിൽ പരാതിയുമായെത്തിയത്. താൻ താമസിക്കുന്ന കാക്കനാട്ടെ ഫ്ളാറ്റിലെ പാർക്കിങ് സ്ഥലത്തേക്ക് വിളിച്ചുവരുത്തി മർദിച്ചുവെന്നായിരുന്നു പരാതി.

തനിക്ക് മറ്റൊരു താരം സമ്മാനിച്ച കൂളിങ് ഗ്ലാസ് ഉണ്ണി മുകുന്ദൻ നിലത്തെറിഞ്ഞ് പൊട്ടിച്ചു. താടിയിലാണ് ആദ്യം മർദിച്ചത്. കൈകൾ ചേർത്തുപിടിച്ച് മർദിക്കാൻ ശ്രമിച്ചപ്പോൾ കുതറിയോടി. പക്ഷേ, ഉണ്ണി മുകുന്ദൻ പിറകെ ഓടിയെത്തി മർദിക്കാൻ ശ്രമിച്ചു. അതുവഴിവന്ന ഫ്ളാറ്റിലെ മറ്റൊരു താമസക്കാരനാണ് പിടിച്ചുമാറ്റിയത്. ഇനി കൺമുന്നിൽ വന്നാൽ തന്നെ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും വിപിൻ പരാതിയിൽ പറഞ്ഞു. തന്റെ ജീവനും സ്വത്തിനും പോലീസ് സംരക്ഷണം  ഉറപ്പുവരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് ഇപ്പോൾ ഉണ്ണി മുകുന്ദനെതിരെ കേസെടുത്തിരിക്കുന്നത്.

അതേസമയം, വിപിൻ കുമാറിനെ ശാരീരികമായി മർദിച്ചിട്ടില്ലെന്നാണ് ഉണ്ണി മുകുന്ദൻ പറയുന്നത്. വിപിൻ തന്റെ പേഴ്സണൽ മാനേജർ അല്ല. അയാളുമായി നേരത്തേ പ്രശ്നങ്ങളുണ്ട്. വിപിൻ കാരണം തനിക്ക് ജോലിയിൽ പല ബുദ്ധിമുട്ടുകളുമുണ്ടായി. ആരോപണങ്ങൾ അസത്യമാണ്. സ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണണെന്നും ഉണ്ണി മുകുന്ദൻ ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!