പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ വ്ളോഗർ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം എന്ന് റിപ്പോർട്ട്.

ന്യൂഡൽഹി: പാകിസ്താന് വിവരങ്ങൾ ചോർത്തി നൽകിയതിന് അറസ്റ്റിലായ വ്ളോഗർ പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി അടുത്തബന്ധം പുലർത്തിയിരുന്നതായി റിപ്പോർട്ട്. ഹരിയാണ സ്വദേശിയായ ട്രാവൽ വ്ളോഗർ ജ്യോതി മൽഹോത്ര(33)യാണ് പാക് ഹൈക്കമ്മീഷനിലെ ഉദ്യോഗസ്ഥരുമായി ബന്ധം സ്ഥാപിച്ചിരുന്നത്. കഴിഞ്ഞവർഷം ഡൽഹിയിലെ പാക് ഹൈക്കമ്മീഷനിൽ സംഘടിപ്പിച്ച ഇഫ്താർവിരുന്നിലും യുവതി പങ്കെടുത്തിരുന്നു. ഇതിന്റെ വീഡിയോയും യുവതി തന്റെ ↑ യൂട്യൂബ് ചാനലായ ‘ട്രാവൽ വിത്ത് ജോ’യിലൂടെ പങ്കുവെച്ചിരുന്നു.

പാക് ഹൈക്കമ്മീഷനിലെ സ്റ്റാഫ് അംഗമായിരുന്ന ഡാനിഷുമായി യുവതി സംസാരിക്കുന്നതും സൗഹൃദം പങ്കിടുന്നതുമെല്ലാം വീഡിയോയിലുണ്ട്. ഇയാളെയും ഭാര്യയെയും യുവതി വീട്ടിലേക്ക് ക്ഷണിക്കുന്നതും വീഡിയോയിൽ കാണാം. ചാരവൃത്തി നടത്തിയതിന് ഇന്ത്യയിൽനിന്ന് പുറത്താക്കിയ പാക് ഹൈക്കമ്മീഷൻ ഉദ്യോഗസ്ഥനാണ് ഇഹ്സാനുറഹീം എന്ന ഡാനിഷ്.

തനിക്ക് പാകിസ്‌താനിൽ പോകണമെന്നും ഉടനെ വിസ ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും കഴിഞ്ഞവർഷം പങ്കുവെച്ച വീഡിയോയിൽ ജ്യോതി മൽഹോത്ര പറഞ്ഞിരുന്നു. ഇഫ്‌താർ വിരുന്നിന് എത്തിയവരോടെല്ലാം യുവതി ഇത് പറയുന്നതും വീഡിയോയിൽ കാണാം. പിന്നീട് പാക് ഹൈക്കമ്മീഷനിലെ മറ്റൊരു ഉദ്യോഗസ്ഥനെ പരിചയപ്പെടുത്തി, ഇയാളാണ് തന്റെ ഫോൺ മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടതെന്നും യുവതി വീഡിയോയിൽ പറയുന്നുണ്ട്.

നാലുതവണ ഹൈക്കമ്മീഷനിൽ എത്തിയപ്പോൾ തന്റെ വിവരങ്ങൾ രേഖപ്പെടുത്തിയതും ഫോണും മറ്റുസാധനങ്ങളും മാറ്റിവെയ്ക്കാൻ ആവശ്യപ്പെട്ടതും ഇയാളാണെന്നാണ് ജ്യോതി പറഞ്ഞിരുന്നത്. ഇത്തവണ തനിക്ക് വിസ നൽകണമെന്നും യുവതി ഇയാളോട് ആവശ്യപ്പെട്ടു.

പാക് ഹൈക്കമ്മീഷനിലെ സ്റ്റാഫായിരുന്ന ഡാനിഷ് മുഖേന പാക് ചാരസംഘടനയ്ക്ക് വിവരങ്ങൾ ചോർത്തിനൽകിയതിനാണ് വ്ളോഗറായ ജ്യോതി മൽഹോത്രയെ ശനിയാഴ്ച പോലീസ് അറസ്റ്റ് ചെയ്തത്. മൂന്നുതവണ യുവതി പാകിസ്താൻ സന്ദർശിച്ചതായും പാക് ചാരസംഘടനയിൽപ്പെട്ടവരുമായി സാമൂഹികമാധ്യമങ്ങളിലൂടെ ബന്ധപ്പെട്ടിരുന്നതായും പോലീസ് പറഞ്ഞു. ഹരിയാണ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കിയ യുവതിയെ അഞ്ചുദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!