കോഴിക്കോട്: താമരശ്ശേരിക്ക് സമീപം ചമലിൽ മയക്കുമരുന്ന് ലഹരിയിൽ ജ്യേഷ്‌ഠൻ അനുജനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ചമൽ അംബേദ്‌കർ നഗറിൽ താമസിക്കുന്ന അഭിനന്ദി (23)നാണ് തലക്ക് വെട്ടേറ്റത്.


ലഹരിക്കടിമയായ സഹോദരൻ അർജുനാണ് ആക്രമിച്ചത്. പരിക്കേറ്റ അഭിനന്ദിനെ താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെട്ടേറ്റ അഭിനന്ദിന്റെ തലയിൽ ആറു തുന്നലുകളുണ്ട്. നില ഗുരുതരമല്ല.
തിങ്കളാഴ്ച വൈകീട്ട് 5.15-ഓടെയായിരുന്നു സംഭവം. ചമൽ കാരപ്പറ്റ ക്ഷേത്രത്തിലെ ഗുരുതിത്തറയിലെ വാളെടുത്ത് വീട്ടിൽ എത്തിയാണ് വെട്ടിയത്. ലഹരിക്കടിമയായ ഇയാളെ സഹോദരൻ ലഹരിമുക്തി കേന്ദ്രത്തിൽ അയച്ചതിന്റെ പ്രതികാരമായിട്ടാണ് വീട്ടിൽവെച്ച് ആക്രമിച്ചത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം.
ആചാരത്തിന്റെ ഭാഗമായി ശൂലവും വാളും പതിവായി ക്ഷേത്രത്തിലെ ഗുരുതിത്തറയിൽ ഉണ്ടാവാറുണ്ട്. ഇവിടെനിന്നാണ് പ്രതി വാൾ എടുത്തത്. പ്രതിയെ പോലീസ് പിടികൂടി.
വാൾ എടുത്തുകൊണ്ടുപോയതിന് അമ്പലക്കമ്മിറ്റിയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.
